കോഴിക്കോട്: പോലീസ് അന്വേഷണം പുരോഗമിക്കവെ നിർണ്ണായക തെളിവ് പുറത്ത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാർ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായ പരിശോധന നടത്തി. കാറിൽ നിന്നും സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു പോലീസ് കണ്ടെടുത്തു. കാറിന്റെ രഹസ്യ അറയിൽ പേഴ്‌സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്കായി കാറിൽ നിന്ന് കിട്ടിയ ഓരോ വസ്തുവും അയക്കാനൊരുങ്ങുകയാണ് പോലീസ്.
നേരത്തെ കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ടെടുത്തത് സയനൈഡാണെന്ന് തെളിഞ്ഞാൽ അന്വേഷണത്തിൽ ഇത് നിർണായകമായ തെളിവാകും. ഡ്രൈവർ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ സൂക്ഷിച്ച നിലയിലായിരുന്നു വിഷവസ്തു. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി പോലീസ് അയക്കും. ഇത് കേരളത്തിലെ ലാബിൽ പരിശോധിച്ചാൽ മതിയോ, പുറത്ത് എവിടേക്കെങ്കിലും അയക്കണോ എന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പിന്നീട് തീരുമാനിക്കും.
ജോളി ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താനൊരുങ്ങുകയാണ് പോലീസ്. അതേസമയം, എന്നാൽ സിലി മരിച്ച സമയത്ത് ജോളി ഉപയോഗിച്ചത് ഈ കാറല്ല. അതൊരു ആൾട്ടോ കാറാണ്. അതിപ്പോൾ ഒരു റിട്ടയേഡ് സർക്കാരുദ്യോഗസ്ഥന്റെ പക്കലാണുള്ളതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. അതും പോലീസ് പരിശോധിച്ച് വരികയാണ്.