കൊച്ചി: സുപ്രീംകോടതി പൊളിക്കണമെന്ന് നിർദേശിച്ച മരടിലെ ആൽഫാ സെറീൻ ഫ്ളാറ്റുടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയതിനെ തുടർന്നാണ് പോൾ രാജ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് അദ്ദേഹത്തെ അടുത്ത മാസം അഞ്ചുവരെ റിമാൻഡ് ചെയ്തു. അനധികൃത നിർമ്മാണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് ഫ്ളാറ്റ് നിർമാതാക്കളിൽ ഒരാളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മറ്റുള്ളവർ ഒളിവിൽ പോകുകയായിരുന്നു.
ഇതിനിടെ ക്രൈംബ്രാഞ്ച് ഹാജരാകാൻ ആവശ്യപ്പെട്ട ജെയിൻ ഹൗസിങ് കമ്പനി മാനേജിങ് ഡയറക്ടർ സന്ദീപ് മേത്ത മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. ഇദ്ദേഹത്തെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. ബന്ധപ്പെട്ട കോടതിയെ നേരിട്ട് സമീപിച്ച് വിശദീകരണം അറിയിക്കാൻ പ്രതിക്ക് സാവകാശം നൽകിക്കൊണ്ടുള്ള ഇടക്കാല ജാമ്യമാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ കോടതിയിൽ ഇനി വീണ്ടും മേത്ത ജാമ്യാപേക്ഷ സമർപ്പിക്കണം.
അതേസമയം, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഉത്തരവ് പിൻവലിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മദ്രാസ് ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവർക്ക് കത്തയച്ചു.
Discussion about this post