കാസര്‍കോട്: സംസ്ഥാന ഉപാധ്യക്ഷനായി ബിജെപി നിയമിച്ച എപി അബ്ദുള്ളക്കുട്ടിയെ ട്രോളി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. ഇനിയും ഒരുപാട് പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുവാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നുവെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പരിഹാസം.
ഫേസ്ബുക്കിലൂടെയായിരുന്നു എപി അബ്ദുള്ളക്കുട്ടിയെ രാജ്മോഹന്‍ ഉണ്ണിത്താന് ട്രോളിയത്. സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കു വെച്ച് കൊണ്ടായിരുന്നു പരിഹാസം.
“അബ്ദുള്ളക്കുട്ടി ഈ ചെറുപ്രായത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയിലാണ് വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നത്. അദ്ദേഹം എസ്എഫ്ഐയുടെ നേതാവായിരുന്നു. എസ്എഫ്ഐ നേതാവായിരിക്കുമ്പോള് തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം എംപിയായി.
കുറെ കഴിഞ്ഞ് ആ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായി. ഇപ്പോള്‍ അദ്ദേഹം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റായി.
ഈ ചെറുപ്രായത്തിന് ഇടയില്‍ ഈ മൂന്ന് പാര്‍ട്ടിയിലും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച അബ്ദുള്ളക്കുട്ടി ഇനിയും ഒരുപാട് പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുവാനുള്ള യോഗമുള്ള ഒരാളാണ്.
ഇനിയും അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നു. അപ്പോള്‍ ഒരുപാട് പാര്‍ട്ടികളില്‍ ഇനിയും ചേരാം, ഇനിയും സ്ഥാനങ്ങള്‍ വഹിക്കാം. അതിന് അദ്ദേഹത്തിന് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. അദ്ദേഹം വീണ്ടും വീണ്ടും പുതിയ പാര്‍ട്ടികളില്‍ ചേരട്ടെ. അദ്ദേഹത്തിന് കൂടുതല്‍ കൂടുതല്‍ പദവികള്‍ ലഭിക്കട്ടെയെന്നും പരിഹാസ രൂപേണ രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു”.’
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ള ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.