തൃശ്ശൂർ: ഭക്ഷണം കഴിക്കാൻ പണമില്ലാതെ കാലി പേഴ്സ് നോക്കി നെടുവീർപ്പിടുന്ന തൃശ്ശൂരിലെ ആർക്കും ഭക്ഷണത്തിനായി ആശ്രയിക്കാൻ ഇതാ യുവാക്കളുടെ ഒരു കൂട്ടായ്മ. ഉച്ചയൂണുമായി നിങ്ങൾക്ക് മുന്നിൽ ദൈവദൂതരായി എത്തുന്ന ഒരു സംഘം ചെറുപ്പക്കാർ വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോളും കൂട്ടുകാരുമാണ്. തൃശ്ശൂർ പട്ടാളം റോഡിലെ ആളില്ലാത്ത ബസ് സ്റ്റോപ്പിലാണ് ഇവർ ഭക്ഷണം വിളമ്പുന്നത്. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്കു 12 മുതൽ രണ്ടു വരെയാണ് ഭക്ഷണം നൽകുക. ഭിക്ഷക്കാരെന്നോ തെരുവിൽ അലയുന്നവരെന്നോ എന്നൊന്നുമില്ല, കൈയ്യിൽ പണമില്ലാതെ വിശപ്പു സഹിച്ച് നടക്കുന്ന ആർക്കും ഊണ് കഴിക്കാൻ ഇവിടെയെത്താം. നല്ല വിശപ്പുണ്ടായാൽമാത്രം മതി വയറു നിറച്ച് വേണ്ടുവോളം ഭക്ഷണം വിളമ്പിത്തരും. ഞായറാഴ്ച മാത്രം ഊണില്ല.
2 മേശയും എട്ടു സ്റ്റൂളുകളുമിട്ടാണ് ഊണ് വിളമ്പുന്നത്. ഓരോരുത്തർക്കും ഇലയിൽ ചോറിട്ട് മീൻ കറിയോ സാമ്പാറോ ഒഴിക്കും. പിന്നെ തോരനും അച്ചാറും സലാഡുമെല്ലാം വിളമ്പും. 100 മുതൽ 150 പേർക്കാണു ദിവസവും സൗജന്യ ഊണു വിളമ്പുന്നത്. വടൂക്കര പള്ളിക്കടുത്തുള്ള ജെയ്സൺ പോളിന്റെ വീടിനോടു ചേർന്നുള്ള അടുക്കളയിൽ ദിവസവും രാവിലെ ഏഴരയ്ക്കു ഇവിടേയ്ക്കുള്ള ഭക്ഷണത്തിനായി പാചകം തുടങ്ങും.
പതിനൊന്നരയോടെ ഭക്ഷണം തയ്യാറാക്കി ഓട്ടോയിൽ കയറ്റി പട്ടാളം റോഡിലേക്ക് എത്തിക്കും. ഭക്ഷണം വിളമ്പി കഴിഞ്ഞ് ഇലയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കിലാക്കി ഓട്ടോറിക്ഷയിൽ തന്നെ മടങ്ങും. അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടും. തിനാൽ ഊണു വിളമ്പുന്ന ബസ് സ്റ്റോപ്പുംവൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ പ്രവർത്തി മുടങ്ങാതെ നടക്കുന്നു. 4 വർഷം മുന്നേ ജെയ്സൺ പോളും കൂട്ടുകാരും നഗരത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തെരുവിലുള്ളവർക്കു സൗജന്യമായി പൊതിച്ചോറ് നൽകിയിരുന്നു.
വാങ്ങുന്നവരിൽ പലരും കറികൾ മാത്രമെടുത്ത് ചോറ് കളയുകയാണെന്നു ശ്രദ്ധയിൽ പെട്ടപ്പോൾ പൊതിച്ചോറ് വിതരണം നിർത്തുകയും കഞ്ഞിയും പുഴുക്കും നേരിട്ടു വിളമ്പി നൽകിയാലോ എന്ന ചിന്തയ്ക്ക് തുടക്കവുമായി. അങ്ങനെയാണു പട്ടാളം റോഡിലെ യാത്രക്കാരില്ലാത്ത ബസ് സ്റ്റോപ്പിൽ കഞ്ഞിയും പുഴുക്കും വിളമ്പിത്തുടങ്ങിയത്. 6 മാസം പിന്നിട്ടപ്പോൾ അത് ഊണിലേക്കു വഴിമാറി. ദിവസേന 5,000 ത്തോളം രൂപ ഇപ്പോൾ ചെലവുണ്ട്. നേരിട്ടും ഫോൺ വിളിച്ചുമൊക്കയാണ് സഹായങ്ങൾ സ്വരൂപിക്കുന്നതെന്ന് ചെയർമാൻ ജെയ്സൺ പോൾ പറഞ്ഞു. എറണാകുളത്ത് ചെറിയ തോതിൽ പഴക്കച്ചവടമാണ് അങ്കമാലിക്കാരനായ ജെയ്സൺ പോളിന്റെ ഉപജീവനമാർഗം. തൃശ്ശൂരിലെത്തി മാതൃക ചാരിറ്റബിൾ ട്രസ്റ്റിൽ പ്രവർത്തിച്ചു പൊതിച്ചോറ് നൽകിത്തുടങ്ങിയത് ഒട്ടേറെ സന്നദ്ധപ്രവർത്തനങ്ങൾക്ക് ശേഷമാണ്. തൃശ്ശൂരിൽ നിന്നാണ് ജെയ്സൺ വിവാഹം കഴിച്ചിരിക്കുന്നത്. തുടർന്ന് വടൂക്കരയിൽ താമസമാക്കി. ഭാര്യ ബിനു മരിയയാണു സൗജന്യ ഊണുവിതരണത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നത്.
നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ് ഇവരുടെ മുദ്രാവാക്യം. വിശേഷപ്പെട്ട പരിപാടികളിൽ ബാക്കി വരുന്ന ഭക്ഷണം എത്തിച്ചു തന്നാൽ അത് അർഹതപ്പെട്ടവർക്ക് നൽകാനും മദർ ജനസേവ തയ്യാറാണ്. ഈ സത്പ്രവർത്തിയിൽ ഭാഗമാകണമെന്ന് ആഗ്രഹമുള്ളവർക്ക് മടിക്കാതെ – 7025907269-ഈ നമ്പറിലേക്ക് വിളിക്കാം.
വിശപ്പകറ്റുന്ന ഈ പുണ്യപ്രവർത്തിയിൽ കൈത്താങ്ങാകുന്നവർ മദർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോൾ, ഭാര്യ ബിനു മരിയ, ഒല്ലൂരിലെ ബസ് ഡ്രൈവറായിരുന്ന ഷൈൻ ജയിംസ്, ഇരിങ്ങാലക്കുടയിലെ വർക്ഷോപ്പ് പണിക്കാരനായ വിഐ ഇസ്മായിൽ, അരണാട്ടുകരയിലെ ഓട്ടോ ഡ്രൈവർ ശ്രീജിത്ത്, അമ്മാടത്തെ വീട്ടമ്മ രമ്യ, അധ്യാപികയായ രമ്യ എന്നിവരെല്ലാമാണ്. ഇവർക്കും തണലായും വേറെ ചിലരെത്താറുണ്ട് പച്ചക്കറിയായും പണമായും ഇതിനു സഹായമെത്തിക്കുന്നവർ.
Discussion about this post