തിരുവനന്തപുരം; സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണു മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രി സഭായോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധനസഹായം നല്കാന് തീരുമാനമായത്.
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സണാണു മരിച്ചത്. പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫീല്‍. ഒക്ടോബര്‍ നാലിനായിരുന്നു അപകടം നടന്നത്.
ഹാമര്‍ ത്രോ മത്സരം നടക്കുന്നതിനു സമീപത്തുതന്നെ ജാവലിന്‍ ത്രോ മത്സരവും നടത്തിയതാണ് അപകടത്തിന് കാരണമായത്. ജാവലിന്‍ മത്സരത്തിനിടെ വൊളന്റിയറായിരുന്ന അഫീലിന്റെ തലയില്‍ ഹാമര്‍ പറന്നു വന്നു പതിക്കുകയായിരുന്നു. തലയോട്ടി പൊട്ടിച്ചിതറി തലച്ചോര്‍ ഉള്ളിലേക്ക് അമര്‍ന്ന നിലയിലായിരുന്നു അഫീലിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍.
അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്സണ് ജോര്‍ജിന്റെ മകനാണ് അഫീല്‍.
Discussion about this post