മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹൈക്കോടതി; വെള്ളക്കെട്ട് പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് വീണ്ടും രൂക്ഷ വിമര്‍ശനം

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തതെന്ന് ചോദിച്ച കോടതി വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ഇടപെടലുകള്‍ അഭിനന്ദനീയമാണെന്നും ചൂണ്ടിക്കാട്ടി. കൂടാതെ, ദൗത്യത്തിലേര്‍പ്പെട്ട കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവരെ അഭിനന്ദിക്കണമെന്നും പറയുകയുണ്ടായി.

കൊച്ചിയിലെ വെള്ളക്കെട്ട് 4മണിക്കൂര്‍ കൊണ്ട് ഓപ്പറേഷന്‍ ബ്രേക് ത്രൂ നടപ്പാക്കിയപ്പോള്‍ പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കില്‍ കൊച്ചിയുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് ചോദിച്ചു. 4 മണിക്ക് കോര്‍പ്പറേഷനോട് പറഞ്ഞിട്ടും അവര്‍ 8 മണി ആയിട്ടും ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി.

ശക്തമായ മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോര്‍പ്പറേഷന്‍ വാദിച്ചപ്പോള്‍ മഴയാണ് കാരണമെങ്കില്‍ തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ കോര്‍പ്പറേഷന് സാധിക്കുമോയെന്ന് ചോദിച്ച കോടതി പരിഹാരത്തിന് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി രൂപീകരിക്കട്ടെയെന്നും ആരാഞ്ഞു. കോടതിയുടെ ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. കോര്‍പ്പറേഷനെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

കോര്‍പ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങള്‍ നടത്താന്‍ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നു കോടതി പറഞ്ഞു. ഇപ്പോള്‍ എങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ എന്നായിരുന്നു കോടതിയുടെ പരിഹാസം. വേലിയേറ്റവും വെള്ളക്കെട്ടിന് കാരണമായെന്നും കോര്‍പ്പറേഷന്‍ കോടതിയില്‍ അറിയിക്കുകയുണ്ടായി.

അതേസമയം, പ്രശ്‌നത്തിന് ഉടനെ പരിഹാരമുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു.

Exit mobile version