പൊന്നാനി : കടല് വീണ്ടും കനിഞ്ഞതോടെ പൊന്നാനി കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾക്ക് ചാകരക്കോൾ. കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മാനം തെളിഞ്ഞു കണ്ടതോടെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വള്ളവുമായി ഇറങ്ങുകയായിരുന്നു.
ശക്തമായ മഴ പ്രവചിക്കപ്പെട്ടതോടെ പകൽ കടലിൽ പോകാൻ സാധിക്കാത്തതിനാൽ വള്ളക്കാർ ഇന്നലെ വൈകിട്ട് കടലിലിറങ്ങി. കടലാകട്ടെ കണ്ടറിഞ്ഞ് ആവോളം കനിഞ്ഞു. വലനിറയെ മത്തിയുമായാണ് വള്ളങ്ങൾ തീരത്ത് തിരിച്ചെത്തിയത്. ആദ്യമെത്തിയ വള്ളങ്ങൾ കിലോയ്ക്ക് 100 രൂപയ്ക്ക് മത്തി വിറ്റെങ്കിലും രാത്രിയായതോടെ 60 രൂപയിലേക്ക് വില താഴ്ന്നു.
പൊന്നാനിയിൽ ആദ്യമായി ബോട്ട് ഹാർബറിലേക്ക് അടുത്തിട്ട് ദിവസങ്ങളായെങ്കിലും ഹൈമാസ്റ്റ് ലൈറ്റുകളും മറ്റ് സ്ട്രീറ്റ് ലൈറ്റുകളും പ്രകാശിക്കാത്തതിനാൽ മൊബൈൽ വെളിച്ചത്തിലും ബാറ്ററി ലാമ്പുകളുമൊക്കെ തെളിച്ചാണ് മീൻ വാഹനങ്ങളിലേക്ക് കയറ്റുന്നതും വിൽപ്പന നടത്തുന്നതും. പുതിയ ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യമാണെങ്കിലും രാത്രിയിൽ വെളിച്ചമില്ലാത്തത് ദുരിതമുണ്ടാക്കുന്നുണ്ട്. ഏറെ പാടുപെട്ടാണ് തൊഴിലാളികളുടെ ജോലി. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്നലെ വൈകിട്ടോടെ വള്ളക്കാർ കടലിലിറങ്ങിയത്.
Discussion about this post