തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയും റെഡ് അലര്‍ട്ട് ഇല്ല.
മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്.
ഒക്ടോബര്‍ 23 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള കേരള തീരത്തും കര്‍ണാടക, ദക്ഷിണ കൊങ്കണ്‍, ലക്ഷദ്വീപ് എന്നീ തീരങ്ങളിലും ഒക്ടോബര്‍ 26 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലും മധ്യ-കിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും പോകരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.