കൊച്ചി: കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് ബസിന്റെ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. ബസിലെ കണ്ടക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്നും, ബസില്‍ നിന്നും തന്നെ തള്ളി പുറത്താക്കിയെന്നും കോട്ടയം സ്വദേശി സമീര്‍ എന്ന യുവാവ് പരാതിപ്പെട്ടു. കെഎസ്ആര്‍ടിസി മൂവാറ്റുപുഴ സ്റ്റേഷന്‍മാസ്റ്റര്‍ക്കാണ് സമീര്‍ പരാതി നല്‍കിയത്.
സംഭവം ഇങ്ങനെ….
മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡില്‍ ഈ മാസം 19 ന് പുലര്‍ച്ചെ 4.30 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ബംഗളൂരുവില്‍ ജോലിചെയ്യുന്ന സമീര്‍ സ്വദേശമായ കോട്ടയത്തേക്ക് പോകുകയായിരുന്നു. തൊടുപുഴയിലേക്ക് പോകുന്ന സുഹൃത്ത് സമീറിനെ മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഇറക്കി. അല്‍പ്പസമയത്തിനകം മിന്നല്‍ ബസ് സ്റ്റാന്‍ഡിലെത്തി.
ബസില്‍ കോട്ടയം എന്ന് ബോര്‍ഡും വെച്ചിട്ടുണ്ടായിരുന്നു. ബസില്‍ കയറിയ തന്നോട് ബസ്, വയനാട്ടിലേക്ക് പോകുന്നതാണെന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. വീണ്ടും ബസിന്റെ ബോര്‍ഡ് പരിശോധിച്ച് ഉറപ്പാക്കിയശേഷം വണ്ടിയില്‍ കയറിയപ്പോള്‍, കണ്ടക്ടര്‍ ചീത്ത വിളിക്കുകയും ബസില്‍ നിന്ന് പിടിച്ചു തള്ളി പുറത്താക്കിയെന്നും സമീര്‍ പരാതിപ്പെടുന്നു.
കണ്ടക്ടര്‍ സ്റ്റേഷന്‍മാസ്റ്ററുടെ അടുത്തേക്ക് പോയപ്പോള്‍, ബസ് കോട്ടയത്തേക്ക് പോകുന്നതല്ലേയെന്ന് ചോദിച്ചപ്പോള്‍ ഡ്രൈവറും പ്രതികരിച്ചില്ല. തിരിച്ചെത്തിയ കണ്ടക്ടര്‍ കൂടുതല്‍ രോഷാകുലനാകുകയും ബസില്‍ നിന്നും കഴുത്തിന് പിടിച്ച് തള്ളി പുറത്താക്കിയെന്നും സമീര്‍ പറയുന്നു. തുടര്‍ന്ന് യുവാവ് സ്റ്റേഷന്‍മാസ്റ്റര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ 20 മിനുട്ടിനകം ഒരു ജീവനക്കാരന്‍ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിയുമായിമുന്നോട്ടുപോയാല്‍ കണ്ടക്ടറുടെ ജോലി പോകുമെന്നും, അതിനാല്‍ പരാതി പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന് സമീര്‍ പറഞ്ഞു. ഇനി മറ്റൊരു യാത്രക്കാരനും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ പരാതിയുമായി മുന്നോട്ടുപോകുന്നതെന്നും യുവാവ് വ്യക്തമാക്കി.
Discussion about this post