അപമാനിക്കലിനും ഭീഷണിക്കും പിന്നിൽ ബിഷപ്പ് ഫ്രാങ്കോ; പരാതിയുമായി ഇരയായ കന്യാസ്ത്രീ; ഫ്രാങ്കോയ്ക്ക് കോടതിയുടെ സമൻസ്

കൊച്ചി: സോഷ്യൽമീഡിയയിലൂടെ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകൾക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ ഇരയായ കന്യാസ്ത്രീ ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളയ്ക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

കേസിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നൽകിയിട്ടുള്ളത്. എന്നാൽ ഫാ. ജെയിംസ് എർത്തയിലിന്റെ കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിന്റെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലായ ക്രിസ്റ്റ്യൻ ടൈംസിലൂടെയാണ് കന്യാസ്ത്രീക്കെതിരെ പ്രചാരണങ്ങൾ നടക്കുന്നത്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഇതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

പ്രതികൾ നടത്തുന്ന ആക്ഷേപം പരാതിക്കാരിയെ മാനസികമായി തകർക്കുന്നതിനും സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ശ്രമമാണ്. ഇതിനെതിരെ നിയമ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് എസ്ഒഎസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അതേസമയം, ബിഷപ്പ് ഫ്രാങ്കോയ്ക്ക് കോടതി സമൻസയച്ചു. കോട്ടയം അഡി.ജില്ലാ സെഷൻസ് കോടതിയുടേതാണ് സമൻസ്. ഈ മാസം 11ന് നേരിട്ട് ഹാജരാകണമെന്ന് സമൻസിൽ പറയുന്നു. പോലീസ് സംഘം ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമൻസ് കൈമാറി.

Exit mobile version