തിരുവനന്തപുരം: മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അറസ്റ്റിലായ നബീസയുടെ പേരില്‍ ഐപിസി 171ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ പോലീസ് കൈമാറിയെന്നും ടിക്കാറാം മീണ പറഞ്ഞു. നബീസയുടെ ഭര്‍ത്താവ് മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. റീ പോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ല. ആറ് മണിവരെ എത്തിയ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച ബാക്രബയല്‍ സ്വദേശി നബീസയെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബാക്രബയലിലെ 42-ാം ബൂത്തിലാണ് നബീസ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്.
തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാന്‍ ശ്രമിക്കവേയാണ് നബീസ അറസ്റ്റിലായത്. ഇവര്‍ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയില്‍ മനസ്സിലായതിനെത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നല്കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടുള്ളയാളല്ല നബീസ. ഇവര്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറിയപ്പോള്‍, ബൂത്ത് തല ഏജന്റുമാര്‍ ഇതിനെ എതിര്‍ത്തു. വോട്ടര്‍ പട്ടികയില്‍ പേരുള്ള നബീസയല്ല ഇതെന്ന് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടി.
ഇതേത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചു. പരിശോധനയില്‍ ആ ബൂത്തില്‍ വോട്ടര്‍പട്ടികയിലുള്ള നബീസയല്ല ഇതെന്ന് വ്യക്തമായി. തുടര്‍ന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ പോലീസിനെ വിളിച്ച് വരുത്തിയത്. പോലീസെത്തി രേഖകള്‍ പരിശോധിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post