നെയ്യാറ്റിന്‍കര: ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോഴേ ആഘോഷത്തില്‍ ആറാടുന്നവരാണ് നമ്മള്‍ മലയാളികള്‍. ജോലിയുടെയും പഠിപ്പിന്റെയും മടുപ്പ് ഒന്നകറ്റാന്‍ ഓരോ ഹര്‍ത്താല്‍ ഉണ്ടാവുന്നത് നല്ലതെന്നെ പൊതുവെ ഉള്ള അഭിപ്രായം. പക്ഷേ വ്യത്യസ്തമായും ഉണ്ട്. എന്നാല്‍ ഹര്‍ത്താല്‍ ഇടയ്ക്കിടെ ഉണ്ടാകണമെ എന്നാണ് വഴുതൂര്‍ സ്വദേശി വിന്‍സന്റ് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍ റോഡിലെ കുഴി അടച്ച് അപകട മരണം ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്. ഹര്‍ത്താല്‍ ദിനത്തില്‍ തമിഴ്‌നാട് സ്വദേശികളെ ഇറക്കിയാണ് റോഡുകളിലെ കുഴി അടയ്ക്കാന്‍ വിന്‍സന്റ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന, അപകടം നിത്യസംഭവമായി മാറിയ നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലെ വഴുതൂരിലെ കുഴികള്‍ മണ്ണിട്ടു മൂടുകയാണ് ഇവര്‍.
വഴുതൂര്‍ ജംഗ്ഷനില്‍ തട്ടുകട നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ സ്വാമിയും പളനിയുമാണ് കുഴികള്‍ മൂടുന്നത്. മരാമത്തു വകുപ്പിന് പരാതി നല്‍കിയിട്ടും നടപടി കാണാതായതോടെയാണ് റോഡ് നന്നാക്കാന്‍ വിന്‍സെന്റും കൂട്ടരും ഇറങ്ങിയത്. കുഴികളില്‍പെട്ട് ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ക്കു സാക്ഷിയായും രക്ഷാപ്രവര്‍ത്തനം നടത്തിയും വന്നിരുന്ന വിന്‍സന്റിന് ഹര്‍ത്താല്‍ ദിനത്തില്‍ വൈകുവോളം റോഡില്‍ പണി നടത്താന്‍ സാധിച്ചു.