ചങ്ങനാശ്ശേരി: പായിപ്പാട് വേങ്കോട്ടയില്‍ ഒരു ദിവസം എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് സൈക്കിള്‍ ഇല്ലാതിരുന്ന കുട്ടികള്‍ക്കെല്ലാം നല്ല കിടിലന്‍ സൈക്കിളുകള്‍ കിട്ടി. വിവിധ കമ്പനികളുടെ പല മോഡലുകളിലും പല നിറങ്ങളിലുള്ള സൈക്കിളുകള്‍. എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് കുട്ടികള്‍ക്കെല്ലാം പുതിയ സൈക്കിള്‍ ലഭിച്ചതെന്നോ ആര്‍ക്കും പിടികിട്ടിയില്ല.
നാട്ടിലൊക്കെ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. പക്ഷേ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവത്തിലെ ട്വിസ്റ്റ് പോലീസ് പുറത്തു കൊണ്ടു വന്നു. ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത സൈക്കിള്‍ ഒരു ഗോഡൗണില്‍ നിന്നും മോഷണം പോയതായിരുന്നു ഈ സൈക്കിളുകളെല്ലാം.
മോഷണക്കേസില്‍ വേങ്ങോട്ട മുണ്ടുകുഴി സ്വദേശി രാഹുല്‍ എന്ന പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് രാഹുലിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കായംകുളം കൊച്ചുണ്ണി സ്റ്റൈലിലുള്ള കിടിലന്‍ ഒരു ട്വിസ്റ്റ് പുറത്തു വന്നത്. മോഷ്ടിച്ച സൈക്കിളുകളില്‍ ഒരെണ്ണം പോലും രാഹുല്‍ ആര്‍ക്കും വില്‍പ്പന നടത്തിയിട്ടില്ലത്രേ.
മോഷ്ടിച്ച സൈക്കിളുകളെല്ലാം സൈക്കിള്‍ ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് നല്കി. അക്കൂട്ടത്തിലാണ് വേങ്കോട്ടയിലെ സൈക്കിള്‍ ഇല്ലാത്ത കുട്ടികള്‍ക്കെല്ലാം പുതുപുത്തന്‍ സൈക്കിള്‍ ലഭിച്ചത്. ഇനിയും സൈക്കിള്‍ ഇല്ലാത്ത ഏതെങ്കിലും കുട്ടികളുണ്ടെങ്കില്‍ അവരോട് അടുത്തൊരു സൈക്കിള്‍ ഗോഡൗണുണ്ടെന്നും വേണ്ടവര്‍ അവിടെ കയറി എടുത്തു കൊള്ളാന്‍ പറയുകയുകയും ചെയ്തു. രാഹുല്‍ പറഞ്ഞത് കേട്ട് സൈക്കിളില്ലാത്ത കുട്ടികളും ഗോഡൗണില്‍ കയറിയെടുത്തു എന്നാണ് വിവരം.
മോഷണകേസില്‍ രാഹുല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സൈക്കിളില്‍ കറങ്ങിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്. നഷ്ടപ്പെട്ട 38 സൈക്കിളുകളില്‍ ഏകദേശം ഇരുപത്തിരണ്ട് എണ്ണം പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒരെണ്ണം പോലും രാഹുല്‍ പണം വാങ്ങി വില്‍പ്പന നടത്തിയിട്ടില്ല. സൈക്കിളില്ലാത്ത കുട്ടികള്‍ക്ക് നല്‍കുകയായിരുന്നുവെന്നും കേസ് അന്വേഷിക്കുന്ന സിഐ സാജു വര്‍ഗീസ് പറഞ്ഞു.
Discussion about this post