കൊച്ചി: അതിശക്തമായ മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹമായ സംഭവത്തിൽ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എന്തിനാണ് ഇങ്ങനെയൊരു കോർപ്പറേഷനെ നിലനിർത്തുന്നത് എന്നും എന്തുകൊണ്ട് കൊച്ചി കോർപ്പറേഷൻ പിരിച്ചുവിടുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
കൊച്ചിയെ സിംഗപ്പുർ ആക്കണമെന്നല്ല, പക്ഷെ ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്ന ഇടമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാർ നാളെ കോടതിയിൽ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എത്രകോടികളാണ് ചെളി നീക്കാൻ ചെലഴിക്കുന്നതെന്ന്, കാനകൾ വൃത്തിയാക്കി വെള്ളം ഒഴുകി പോകാൻ സാധ്യമാകുന്ന രീതിയിൽ അറ്റകുറ്റപ്പണി നടത്താതെ അനാസ്ഥ കാണിച്ച കോർപ്പറേഷനെ കുറ്റപ്പെടുത്തി ഹൈക്കോടതി ചോദിച്ചു.
സർക്കാർ അധികാരം ഉപയോഗപ്പെടുത്തണമെന്നും ജനങ്ങൾ ദുരിതത്തിലാണെന്നും കോടതിയുടെ നിരീക്ഷണത്തിലുണ്ട്. എന്തിനാണ് ഇങ്ങനെ ഒരു കോർപ്പറേഷൻ നിലനിർത്തുന്നതെന്നു ചോദിച്ച ഹൈക്കോടതി നാളെ അഡ്വക്കറ്റ് ജനറൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കൊച്ചിയിലെ കനത്തമഴയിലെ വെള്ളക്കെട്ടിന്റെ പേരിൽ ഉദ്യോഗസ്ഥരെ പഴിചാരി മേയർ സൗമിനി ജെയ്ൻ രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതിന് പിന്നാലെയാണ് നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയർ രംഗത്തെത്തിയത്. വെള്ളക്കെട്ട് പ്രശ്‌നത്തിൽ കോർപ്പറേഷനെ പഴിക്കുന്നതിൽ അർത്ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയർ പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നായിരുന്നു മേയറുടെ ന്യായീകരണം. വെള്ളക്കെട്ട് ഒഴിവാക്കാൻ സർക്കാർ നടത്തിയ നടപടികളെയും സൗമിനി ജെയ്ൻ വിമർശിച്ചിരുന്നു. സർക്കാർ ഇടപെട്ട് നടത്തിയപ്പോൾ കൂടുതൽ സംവിധാനം ഏർപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളുമാണ് ഉപയോഗിച്ചത് എന്നായിരുന്നു സൗമിനി ജെയ്‌നിന്റെ പ്രതികരണം.