കൊച്ചി: കൊച്ചിയിലെ കനത്തമഴയിലെ വെള്ളക്കെട്ടിന്റെ പേരിൽ ഉദ്യോഗസ്ഥരെ പഴിചാരി മേയർ സൗമിനി ജെയ്ൻ. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതിന് പിന്നാലെയാണ് നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയർ രംഗത്തെത്തിയത്. വെള്ളക്കെട്ട് പ്രശ്നത്തിൽ കോർപ്പറേഷനെ പഴിക്കുന്നതിൽ അർഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയർ പറഞ്ഞു. ഒപ്പം ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നും മേയർ കുറ്റപ്പെടുത്തി.
ഇപ്പോൾ നഗരത്തിൽ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥർ ആണ്. അതാണ് നഗരത്തെ വെള്ളത്തിൽ മുക്കിയത്. പ്രശ്നത്തിൽ സർക്കാർ ഇടപെടുന്നത് സ്വാഭാവികം മാത്രമാണെന്നും സൗമിനി ജെയ്ൻ പ്രതികരിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ സർക്കാർ നടത്തിയ നടപടികളെയും സൗമിനി ജെയ്ൻ വിമർശിച്ചു. സർക്കാർ ഇടപെട്ട് നടത്തിയപ്പോൾ കൂടുതൽ സംവിധാനം ഏർപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളുമാണ് ഉപയോഗിച്ചത് എന്നായിരുന്നു സൗമിനി ജെയ്ന്റെ പ്രതികരണം. വെള്ളക്കെട്ടിന് കാരണം ഓടകളിലേക്ക് ജനങ്ങൾ മാലിന്യം തള്ളുന്നതാണെന്നും മേയർ ചൂണ്ടിക്കാണിച്ചു.
വെള്ളക്കെട്ടിൽ കോർപ്പറേഷനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദും പ്രതികരിച്ചു.
Discussion about this post