അബുദാബി: ദുബായിയില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ തൃശ്ശൂര്‍ സ്വദേശി ഫ്ലേറിന് ബേബിക്ക് രണ്ടാം ജന്മം. വീഴ്ചയില്‍ ഫ്ലേറിന്റെ ഇടത് കൈ അറ്റുപോയി. ഒടുവില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കൈ തുന്നിച്ചേര്‍ക്കാനായി. കൂടാതെ രക്തയോട്ടവും സാധ്യമാക്കാന്‍ സാധിച്ചു. 26-ാമത്തെ നിലയില്‍ നിന്നാണ് ഫ്ലേറിന് വീണത്.
വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനായതിന്റെ സന്തോഷത്തിലാണ് യുവാവ്. കൂടാതെ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഇടത് കൈ തിരികെ ലഭിച്ചതില്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോട് മനസുകൊണ്ട് നന്ദി പറയുകയും ചെയ്തു. ദുബായിയിലെ റാഷിദ് ആശുപത്രിയിലാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. സെപ്റ്റംബര്‍ 28ന് ദുബായിയിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുമ്പോഴാണ് താഴേയ്ക്ക് വീണത്. ഫ്ലേറിന് 26-ാം നിലയില്‍ നിന്ന് അഞ്ചാം നിലയിലേക്കാണ് പതിച്ചത്. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ട് അറ്റ് വീഴുകയായിരുന്നു.
അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോ. ഹാമദ് ബദാവി, ഡോ. മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ കൈ തുന്നിച്ചേര്‍ത്തതാണ് ഫ്ലേറിന് രക്ഷയായത്. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേര്‍ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തില്‍ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇക്കഴിഞ്ഞ 16ാം തീയതിയാണ് ഫ്ലേറിന് ആശുപത്രി വിട്ടു. മൂന്നാഴ്ചയായി ചെറി വ്യായാമം ചെയ്തുവരികയാണ്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമെ കൈ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Discussion about this post