എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ജില്ലാകളക്ടര്‍ എസ് സുഹാസ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍. അതേസമയം, മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്താണ് ഇപ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് കാനകള്‍ വൃത്തിയാക്കുന്നത്. നടപടികള്‍ക്ക് ജില്ലാകളക്ടര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും.
കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍, തൃക്കാക്കര വില്ലേജുകളില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമായില്ല. ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇടപ്പള്ളി മുതല്‍ എംജി റോഡ് വരെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.
പനമ്പള്ളി നഗര്‍, കലൂര്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലെ ഇടറോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. എളംകുളം കെകെഎഫ് കോളനിയിലും കരിത്തല കോളനിയിലും വെള്ളം കയറിയതോടെ ആളുകള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി.
Discussion about this post