കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിനടിയില്‍ ആണ്. ഹൈവേ റോഡുകളിലേയ്ക്ക് വരെ വെള്ളം ഇരച്ചു കയറി. പ്രളയ സമാനമാണ് ഇപ്പോള്‍ നഗരം. കനത്ത മഴയില്‍ റെയില്‍വെ പാളങ്ങളും വെള്ളത്തിനടിയിലാണ്. ഇതേ തുടര്‍ന്ന് തീവണ്ടി ഗതാഗതം താറുമാറായിരിക്കുകയാണ്.
എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളാണ് മുങ്ങിയത്. സൗത്ത് സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനോളമാണ് വെള്ളമുയര്‍ന്നത്. നോര്‍ത്തില്‍ വെള്ളംകയറി ഓട്ടോമാറ്റിക് സിഗ്നലുകള്‍ തകരാറിലായി. രാവിലെ ആറുമുതല്‍ തീവണ്ടികള്‍ കടത്തിവിടാന്‍ സാധിക്കാതെയായി. സൗത്ത് സ്റ്റേഷന്‍ ഉച്ചയ്ക്കു മൂന്നിനുശേഷമാണ് ഭാഗികമായി പ്രവര്‍ത്തനക്ഷമമായത്. സിഗ്നലുകള്‍ തകരാറിലായതോടെ 12 പാസഞ്ചറുകളും നാല് എക്സ്പ്രസുകളും റദ്ദാക്കുകയും 26 തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് (12081), ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളത്തുനിന്നു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനുകളായ ഗുരുവായൂര്‍-പുനലൂര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം (56393) എന്നീ വണ്ടികളാണ് റദ്ദാക്കിയത്.