കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമ സഹായം നല്‍കി കോടതി. താമരശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ ഹൈദറിനെ സിലി വധകേസില്‍ ജോളിക്കു വേണ്ടി ഹാജരാകാന്‍ കോടതി ചുമതലപ്പെടുത്തി.
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ അറിയില്ലെന്നായിരുന്നു ജോളിയുടെ മറുപടി. ഇതേത്തുടര്‍ന്നാണ് കോടതി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്.
കൂടത്തായി കൊലപാതകത്തില്‍ ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ കട്ടപ്പനയിലെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി അഭിഭാഷകനായ ബിഎ ആളൂര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ജോളിയുടെ വക്കാലത്ത് സംബന്ധിച്ച് കോടതി തന്നെ വ്യക്തത വരുത്തണമെന്ന് താമരശേരി ബാറിലെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ അഞ്ച് ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.