കോഴിക്കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ യാത്രികര്‍ക്കും അയ്യപ്പഭക്തര്‍ക്കും ആശ്വാസം നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഹര്‍ത്താലില്‍ ഭക്ഷണം പോലും ലഭിക്കാതെ വഴിമുട്ടിയവര്‍ക്കായി ഡിവൈഎഫ്‌ഐ സൗജന്യ ഭക്ഷണ വിതരണം നടത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ കോട്ടക്കല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തിയത്.
വിശന്ന് വലഞ്ഞ എത്തിയത് മനസിലാക്കി മനസും വയറും ഒരു പോലെ നിറച്ചതിന് നന്ദി എന്നു പറഞ്ഞു കൊണ്ടായിരുന്നു ഓരോരുത്തരും മടങ്ങിയത്. ഹര്‍ത്താലില്‍ നിരവധി പേരാണ് വഴിമുട്ടിയത്. ഒട്ടനവധി അയ്യപ്പ ഭക്തരാണ് ഡിവൈഎഫ്‌ഐയുടെ ഭക്ഷണ വിതരണത്തില്‍ എത്തിച്ചേര്‍ന്നത്. വിലക്ക് ലംഘിച്ചു മല കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കെപി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. മല കയറാനെത്തിയ ശശികലയെയും പ്രവര്‍ത്തകരെയും പോലീസ് ആദ്യം തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പുലര്‍ച്ചെ ഒന്നരയോടെ ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
എന്നാല്‍ അപ്രതീക്ഷിത ഹര്‍ത്താലില്‍ നിരവധി രോഗികളും അയ്യപ്പ ഭക്തരുമാണ് കുടുങ്ങിയത്. ഹര്‍ത്താല്‍ ജനത്തെ അക്ഷരാര്‍ത്ഥത്തില്‍ വലയ്ക്കുകയായിരുന്നു. ഹര്‍ത്താല്‍ അറിയാതെ ട്രെയിനുകളിലും ദീര്‍ഘദൂര ബസ്സുകളിലും എത്തിയവരും ആശുപത്രിയിലേക്ക് പോകാന്‍ പുറപ്പെട്ടവരും അടക്കം പെരുവഴിയിലായി. കെ.എസ്ആര്‍ടിസിയും സര്‍വീസ് നിര്‍ത്തിവെച്ചതോടെ ശബരിമല തീര്‍ത്ഥാടകരും പ്രതിസന്ധിയിലായി. നിരവധി സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി. മലപ്പുറം തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. കൊല്ലത്ത് ആംബുലന്‍സ് അടക്കം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയുണ്ടായി.
Discussion about this post