മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ച ബാക്രബയല്‍ സ്വദേശി നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. വോട്ടര്‍ സ്ലിപ്പ് മാറിപ്പോയതാണെന്നും, അവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്നമായത്. രണ്ട് പേര്‍ക്കും മണ്ഡലത്തില്‍ വോട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ല. വോട്ട് ചെയ്യാന്‍ വന്ന നബീസ സ്വന്തം ഐഡി കാര്‍ഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാന്‍ വന്നതാണെങ്കില്‍ സ്വന്തം ഐഡി കാര്‍ഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താന് ചോദിച്ചു.
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച ബാക്രബയല്‍ സ്വദേശി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബാക്രബയലിലെ 42-ാം ബൂത്തിലാണ് നബീസ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. മുസ്ലിം ലീഗ് പ്രവര്‍ത്തകയാണ് ഇവരെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാന്‍ ശ്രമിക്കവേയാണ് നബീസ അറസ്റ്റിലായത്. ഇവര്‍ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയില്‍ മനസ്സിലായതിനെത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നല്കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടുള്ളയാളല്ല നബീസ. ഇവര്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറിയപ്പോള്‍, ബൂത്ത് തല ഏജന്റുമാര്‍ ഇതിനെ എതിര്‍ത്തു. വോട്ടര്‍ പട്ടികയില്‍ പേരുള്ള നബീസയല്ല ഇതെന്ന് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചു. പരിശോധനയില്‍ ആ ബൂത്തില്‍ വോട്ടര്‍പട്ടികയിലുള്ള നബീസയല്ല ഇതെന്ന് വ്യക്തമായി. തുടര്‍ന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ പോലീസിനെ വിളിച്ച് വരുത്തിയത്. പോലീസെത്തി രേഖകള്‍ പരിശോധിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post