തിരുവനന്തപുരം: കനത്ത മഴ പെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള മറ്റ് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് തോരാമഴയില്‍ ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.
കനത്ത മഴയുടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുന്ന സ്‌കൂളുകളിലെ, കുട്ടികള്‍ വീടുകളില്‍ തിരിച്ചെത്തി എന്ന് പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും, മാതാപിതാക്കള്‍ ജോലി സ്ഥലങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്. കനത്ത മഴയുടെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. നീരൊഴുക്ക് കൂടിയതിനാല്‍, നെയ്യാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.