കൊച്ചി: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ എറണാകുളം എംപി ഹൈബിയുടെ വീടും കാറും മുങ്ങി. അരമണിക്കൂറിനുള്ളിൽ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിലായെന്ന് ഹൈബിയുടെ ഭാര്യ അന്ന പറഞ്ഞു. കൊച്ചിയിൽ മഴക്കാലത്ത് സാധാരണഗതിയിൽ വെള്ളം പൊങ്ങാറുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള പൊടുന്നനെയുള്ള വെള്ളപ്പൊക്കം ഇതാദ്യമാണെന്നും കൊച്ചി നിവാസികൾ പറയുന്നു.
എന്നാൽ മഴയ്ക്ക് മുമ്പേ കാനകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് കനത്തമഴയിൽ കൊച്ചി മുങ്ങാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറാത്തിടത്താണ് ഇന്നലത്തെ മഴയിൽ മുങ്ങിയത്. പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചയിടങ്ങളും ഇന്ന് വെള്ളത്തിലാണ്. കോടികൾ കാനകൾക്കായി ചെലവിട്ടിട്ടും ജനങ്ങൾ ദുരിതത്തിലാണെന്നാണ് ആരോപണം.
അതേസമയം, കലൂർ സബ്സ്റ്റേഷനിൽ ഒന്നരമീറ്റർ ഉയരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചിയിൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും. കലൂർ, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളിലാണ് വൈദ്യുതി മുടങ്ങുക. നാളെയേ വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ. ഫയർഫോഴ്സ് 10 പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മഴ തുടരുന്നത് എല്ലാപ്രവർത്തനങ്ങളുടേയും താളം തെറ്റിക്കുകയാണ്.
Discussion about this post