തിരുവനന്തപുരം; കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍ ആയതിനാല്‍ സൂപ്പര്‍ഫാസ്റ്റ് ബസ്സുകളുടെ ഉപയോഗ കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്ന് ഒമ്പതു വര്‍ഷമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു. കാലവധി ഒമ്പത് വര്‍ഷം ആക്കിയില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ 415 സൂപ്പര്‍ഫാസ്റ്റുകളുടെ കാലാവധി തീരുമെന്നും പകരമിറക്കാന്‍ പുതിയ ബസുകളില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 100 പുതിയ ബസുകളാണു വാങ്ങിയത്. ഇവയുടെ വിലയില്‍ 18 കോടി രൂപ അശോക് ലൈലാന്‍ഡ് കമ്പനിക്കു നല്‍കാനുണ്ട്. പണം നല്‍കാത്തതിനെതിരേ കമ്പനി കെഎസ്ആര്‍ടിസിക്കെതിരേ കേസ് കൊടുത്തിട്ടുണ്ട്.
അതിനാല്‍ പുതിയ ബസുകള്‍ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല ഇപ്പോള്‍ സ്ഥാപനം. ദീര്‍ഘ ദൂരപാതകളിലെ സൂപ്പര്‍ഫാസ്റ്റുകള്‍ പിന്‍വലിക്കാനാകില്ല. പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ അന്തര്‍സംസ്ഥാനപാതകളില്‍ ഓടിക്കാനാകൂ. ഇതിനു സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കണമെന്നാണ് ആവശ്യം.
സൂപ്പര്‍ഫാസ്റ്റ് ബസുകളെ മികച്ച സാങ്കേതിക ക്ഷമതയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഉപയോഗപരിധി നിശ്ചയിച്ചിട്ടുള്ളത്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ദിവസം 350 മുതല്‍ 500 വരെ കിലോമീറ്റര്‍ പിന്നിടുന്നുണ്ട്. കാലാവധി കഴിഞ്ഞാല്‍ ഇവ ഹ്രസ്വ ദൂരബസുകളായി മാറ്റണം. ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ തുടര്‍ന്നും ദീര്‍ഘദൂര പാതകളില്‍ ഉപയോഗിക്കുന്നതില്‍ സുരക്ഷാഭീതിയുണ്ടെന്നു സാങ്കേതികവിഭാഗം ജീവനക്കാരും ഡ്രൈവര്‍മാരും പറയുന്നു.
സൂപ്പര്‍ക്ലാസ് സര്‍വീസുകളുടെ പരമാവധി ആയുസ്സ് മുമ്പ് അഞ്ചു വര്‍ഷമായിരുന്നു. കെഎസ്ആര്‍ടിസിക്കുവേണ്ടിയാണ് ഏഴായി ഉയര്‍ത്തിയത്.
Discussion about this post