നാദാപുരം: കോഴിക്കോട് വാണിമേലിൽ തലാക്ക് ചൊല്ലി ഉപേക്ഷിച്ച ഭർത്താവിനും വീട്ടുകാർക്കും എതിരെ ഭർതൃവീടിനു മുന്നിൽ സമരം തുടരുകയായിരുന്ന ഫാത്തിമ ജുവൈരിയ ഒടുവിൽ സമരം അവസാനിപ്പിച്ചു. ഭർതൃവീടിന് മുന്നിൽ കുട്ടികളുമായി സമരം ചെയ്തിരുന്ന ഫാത്തിമ ജുവൈരിയ നഷ്ടപരിഹാരത്തുക നൽകാമെന്ന ഭർത്താവ് സമീറിന്റെ ബന്ധുക്കളുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. അതേസമയം ഭർത്താവിനെതിരായ മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള കേസുകൾ ഉൾപ്പടെ അതേ രീതിയിൽ തുടരുമെന്നും യുവതിയുടെ ബന്ധുക്കൾ അറിയിച്ചു.
ഇരുപത്തിനാലുകാരിയായ ഫാത്തിമ ജുവൈരിയയെയും അഞ്ചും രണ്ടും വയസ് പ്രായമുളള രണ്ട് മക്കളെയും ജീവനാംശം പോലും നൽകാതെ തലാക്ക് ചൊല്ലി ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ പരാതി നിലവിലുണ്ട്. ജുവൈരിയയുടെ ഭർത്താവ് സമീറിനെതിരെ വളയം പോലീസ് മുത്തലാഖ് നിരോധന നിയമമനുസരിച്ച് കേസെടുത്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ സമീർ മറ്റൊരു സ്ത്രീയെ വിവാഹവും കഴിച്ചിരുന്നു. ജുവൈരിയയെയോ കുട്ടികളെയോ കാണാൻ കൂട്ടാക്കിയതുമില്ല. ഇതിനെ തുടർന്നാണ് ജുവൈരിയയും കുട്ടികളും സമീറിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സമീറിന്റെ പിതാവിന്റെ പേരിലായിരുന്ന വീട് തന്നെ പുറത്താക്കാനായി സമീറിന്റെ സഹോദരന്റെ പേരിലേക്ക് മാറ്റി. തനിക്ക് സ്ത്രീധനമായി മാതാപിതാക്കൾ നൽകിയ 40 പവൻ സ്വർണ്ണാഭരണങ്ങൾ വിറ്റ് നിർമ്മിച്ച വീട്ടിൽ നിന്നാണ് തന്നെ പുറത്താക്കിയതെന്നും ജുവൈരിയ ആരോപിച്ചിരുന്നു.
ഗാർഹിക പീഢനമാരോപിച്ച് ജുവൈരിയ നൽകിയ കേസിൽ നാദാപുരം മജിസ്ട്രേട്ട് കോടതി ജുവൈരിയയ്ക്കും കുട്ടികൾക്കും പ്രതിമാസം 3500 രൂപ വീതം ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സ്ത്രീധനമായി നൽകിയ സ്വർണ്ണം തിരിച്ച് നൽകണമെന്നും കുട്ടികൾക്ക് സഹായം നൽകണമെന്നും ആവശ്യപ്പെട്ട് വടകര കുടുംബ കോടതിയിൽ മറ്റ് രണ്ട് കേസുകളും ജുവൈരിയ നൽകിയിട്ടുണ്ട്. എംപി ബിനോയ് വിശ്വം ഉൾപ്പെടെ നിരവധി പേർ ജുവൈരിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post