കനത്തമഴയിൽ എറണാകുളത്തെ പോളിങ് വെള്ളത്തിൽ; പോളിങ് മാറ്റിവെയ്ക്കുമോ എന്ന് ജനങ്ങൾ; തീരുമാനമായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനിടെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പും വെള്ളത്തിൽ കുതിർന്നു. അതിശക്തമായ മഴ പെയ്യുന്ന എറണാകുളത്ത് വോട്ടെടുപ്പ് പലയിടത്തും തടസപ്പെട്ടു. വൈദ്യുതി മുടങ്ങിയതും പോളിങ് ബൂത്തിൽ വെള്ളം കയറിയതും തിരിച്ചടിയായി. വോട്ടെടുപ്പും വളരെ കുറഞ്ഞനിലയിലാണ്. എറണാകുളം ജില്ലയിലും കൊച്ചി നഗരത്തിലും ഞായറാഴ്ച രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. കൊച്ചിയിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതും വോട്ടർമാരെ വലക്കുകയാണ്. റെയിൽവേ ട്രാക്കുകളിൽ വെള്ളംകയറി ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.

അതേസമയം, കനത്ത മഴ തുടരുന്നതിനാൽ എറണാകുളത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിലവിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നു ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നിലവിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കാൻ തീരുമാനമില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസും പ്രതികരിച്ചു. പ്രശ്നങ്ങൾ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഒഴികെ തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി നാല് നിയമസഭ മണ്ഡലങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

Exit mobile version