തിരുവനന്തപുരം: ‘എന്താണ് പ്രശ്നം അപകടം വല്ലതുമാണോ..? ഏയ് അപകടമൊന്നുമല്ല സര്, ഒരു കൊലപാതകമാണ്, ആനയറയിലെ കൊലപാതകം ചെയ്തത് ഞങ്ങളാണ്’ തുമ്പ പോലീസ് സ്റ്റേഷന് മുന്നിലെത്തിയ സംഘത്തോട് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് ഇത്. മറുപടി ആദ്യം ഉദ്യോഗസ്ഥരില്‍ അമ്പരപ്പാണ് ഉണ്ടാക്കിയത്.
പ്രതികളുടെ തുറന്ന് പറച്ചില് അക്ഷരാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ഒരു മാസത്തെ ആസൂത്രണത്തിലൂടെയാണ് തങ്ങള്‍ വിപിനെ വകവരുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. കൈയ്യും കാലും വെട്ടിമാറ്റാനായിരുന്നു തങ്ങള്‍ തീരുമാനിച്ചതെന്നും, തുടര്‍ന്നാണ് വെട്ടിയതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ രക്തം വാര്‍ന്നു മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രതികള്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി 7.35നു വക്കീലിന്റെ സഹായത്തോടെയാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. 5 മണിയോടെ തന്നെ പ്രതികള്‍ കീഴടങ്ങുമെന്ന് സ്പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചത്. സ്റ്റേഷനില്‍ എത്തും മുന്‍പ് പ്രതികളെ അറസ്റ്റു ചെയ്യാനും പദ്ധതിയിട്ടു. എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് പ്രതികള്‍ തുമ്പയിലെത്തി കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് തുമ്പ പോലീസ് വിവരം ഡിസിപിയെ അറിയിച്ചു. പിന്നീട് പേട്ട സിഐയും സംഘവും എത്തി പ്രതികളെ പേട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതികളില്‍ ഒരാള്‍ വിപിനെ സവാരി വിളിച്ചു കൊണ്ടു പോകുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം ലഭിച്ചെന്ന് സ്പെഷല്‍ബ്രാഞ്ച് അറിയിച്ചു. വിപിനെ ആനറയറയിലെ ആളൊഴിഞ്ഞ വഴിയില്‍ എത്തിക്കുകയും ഇവിടെ കാത്തുനിന്ന അഞ്ചംഗ സംഘം വിപിനെ പിടിച്ചിറക്കി മര്‍ദ്ദിച്ച ശേഷം തറയില്‍ കിടത്തി കൈയ്യും കാലും വെട്ടിമാറ്റുകയായിരുന്നു.
Discussion about this post