എരുമേലി: എരുമേലിയില്‍ മാലിന്യ സംസ്‌കരണം പൂര്‍ണമായും നിലച്ചു. സംസ്‌കരണത്തിന് തുമ്പൂര്‍മൊഴി മോഡല്‍ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. ദുര്‍ഗന്ധം മൂലം പരിസരവാസികളും ദുരിതത്തിലായി. മണ്ഡലകാലം തുടങ്ങിയിട്ടും എരുമേലിയില്‍ മാലിന്യ സംസ്‌കരണത്തിന് കൃത്യമായ മാര്‍ഗങ്ങള്‍ ഇല്ലാത്തത് ഭക്തരും ദുരിതത്തിലാക്കി.
കൃത്യമായ പ്ലാന്റ് പോലും എരുമേലിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മാലിന്യങ്ങള്‍ തള്ളുന്ന എരുമേലിയിലെ കൊടിത്തോട്ടത്തിലെ ഈ സ്ഥലം മലിനമലയായി മാറിയിരിക്കുകയാണ്. 150ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പരിസരത്ത് ദുര്‍ഗന്ധം മൂലം അടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. എരുമേലി പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയാണ് ഈ സ്ഥലം. മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് മാലിന്യപ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു എരുമേലി പഞ്ചായത്തിന്റ പ്രഖ്യാപനം.
എരുമേലി ക്ഷേത്രത്തിലെയും വാവര്‍ പള്ളിയിലെയും മാലിന്യങ്ങള്‍ ആരോഗ്യവകുപ്പിന്റ നേതൃത്വത്തില്‍ മാറ്റുന്നുണ്ടെങ്കിലും എവിടെക്കൊണ്ടിടുമെന്ന് മാത്രം ജീവനക്കാര്‍ക്ക് അറിയില്ല. തുമ്പൂര്‍മൊഴി മാതൃകയില്‍ മാലിന്യസംസ്‌ക്കരണ പ്ലാന്റ് തയ്യാറിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റ വിശദീകരണം. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനം വൈകുകയാണ്. മാലിന്യ പ്ലാന്റില്ലാത്തതിനാല്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന അവസ്ഥയാണ് എരുമേലിയില്‍ നിലവില്‍ ഉള്ളത്.