തൃശ്ശൂർ: തൃശ്ശൂരിലെ പോലീസ് ദിനാഘോഷത്തിനിടെ അടുത്ത പോലീസ് വേഷം താൻ ചെയ്യുകയണെങ്കിൽ അത് യതീഷ് ചന്ദ്രയുടേതായിരിക്കും എന്ന് നടൻ ജയസൂര്യ. പോലീസ് ദിനത്തിലെ അഞ്ച് കിലോമീറ്റർ മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ജയസൂര്യ. രാവിലെ ആറരയോടെയാണ് മാരത്തൺ ആരംഭിച്ചത്.
ഓട്ടം തുടങ്ങുന്നതിന് മുമ്പ് വാമപ്പിനായി സൂംബ നൃത്തവും നടത്തി. ഇതിൽ ജയസൂര്യയും യതീഷ് ചന്ദ്ര ഐപിഎസും ഒരുമിച്ച് ചുവടുവെച്ചു. ജീവിതത്തിലാദ്യമായിട്ടാണ് ജയസൂര്യ മാരത്തൺ ഓടുന്നത്. ഷൂട്ടിങ്ങിന് ശേഷം കൊച്ചിയിലേക്ക് ഇന്നലെ മടങ്ങേണ്ടതായിരുന്ന ജയസൂര്യയെ മാരത്തൺ ഓടാൻ യതീഷ്ചന്ദ്ര നേരിട്ട് ക്ഷണിക്കുകയായിരുന്നു.
അതേസമയം, വാമപ്പിനായി സൂംബ നൃത്തം ചെയ്ത ജയസൂര്യ നൃത്തം കഴിഞ്ഞപ്പോൾ ‘നല്ല സ്റ്റാമിന വേണമല്ലേ, ഇതൊക്കെ കളിക്കാൻ, ഇവരെ സമ്മതിക്കണം’ എന്നായിരുന്നു നർത്തകരോടായി പറഞ്ഞത്. ‘അടുത്ത പോലീസ് വേഷം അഭിനയിക്കുമ്പോൾ ഉറപ്പായിട്ടും അത് യതീഷ് ചന്ദ്രയായിരിക്കും. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും പെരുമാറ്റവും സൂക്ഷ്്മമായി നിരീക്ഷിച്ചിട്ടുണ്ട്’എന്നും ജയസൂര്യ പറഞ്ഞു.
ഇതിനിടെ ”സാറിന് സിനിമയിൽ അഭിനയിച്ചുകൂടെ” എന്ന അവതാരകയുടെ ചോദ്യത്തിനോട് യതീഷ് ചന്ദ്രയുടെ മറുപടി ഒരു ചിരിയിലൊതുങ്ങുകയും ചെയ്തു.