തിരുവനന്തപുരം: അന്നത്തെ സമരാവേശത്തിന്റേയും വാക്കുകളുടെ മൂർച്ചയുടേയും കാര്യത്തിൽ ഇന്നും ആർക്കും ഒരു തർക്കവുമില്ല, വിഎസ് അച്യുതാനന്ദൻ എന്നാൽ മങ്ങാത്ത കമ്മ്യൂണിസ്റ്റ് ആദർശത്തിന്റെ ജീവിക്കുന്ന തെളിവ് തന്നെയാണ്. 96ാം പിറന്നാൾ ആഘോഷിക്കുന്ന വിഎസ് രാഷ്ട്രീയ വഴിയിൽ തന്നെയാണ് ഇന്നുമുള്ളത്. കേരളം നെഞ്ചേറ്റിയ വിഎസിന് ഇന്ന് 96 വയസ് തികയുകയാണ്. പതിവുപോലെതന്നെ കൂടെയുള്ളവരുടെ സന്തോഷത്തിന് നിന്നുകൊടുത്തും അൽപ്പം മധുരം കഴിച്ചും ലളിതമായ സദ്യയുണ്ടും തന്നെയാണ് ഇത്തവണയും വിഎസിന്റെ പിറന്നാളാഘോഷം.
കുടുംബാംഗങ്ങൾക്കൊപ്പം കേക്ക്മുറിച്ച് മധുരം പങ്കിടുന്നതിനിടെ നേതാക്കളും പ്രവർത്തകരുമായി നിരവധി ആളുകൾ ആശംസകൾ നേരാൻ വീട്ടിലെത്തി. വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് എത്തി അനുഗ്രഹം വാങ്ങി. പൊന്നാടയ്ക്കും ചുവന്ന പൂക്കൾക്കുമൊപ്പം കൃഷ്ണ വിഗ്രഹവും വിഎസിന് സമ്മാനമായി ഇത്തവണ ലഭിച്ചു.
1940-ലാണ് വിഎസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. നീണ്ട 79-വർഷമായി പാർട്ടി അംഗത്വത്തിൽ തുടരുന്ന വിഎസിന്റെ ഈ റെക്കോർഡ് തകർക്കാൻ മറ്റൊരു നേതാവില്ല. 23 വർഷം സിപിഎം പൊളിറ്റ് ബ്യൂറോയിലും പ്രവർത്തിച്ച മറ്റൊരു നേതാവുമില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് വിഎസ്. മൂന്നു പതിറ്റാണ്ടിലേറെയായി നിയമസഭാംഗവും. സഭാചരിത്രത്തിലെ തന്നെ ഏറ്റവുംമുതിർന്ന അംഗവും അദ്ദേഹംതന്നെ.
Discussion about this post