കോന്നി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അത്തരം വീഡിയോകൾ കെട്ടിച്ചമച്ചതാണെന്നും കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഓർത്തഡോക്സ് തിരുമേനിയുടേയും തന്റെയും ചിത്രം വെച്ച് പുറത്തിറങ്ങിയ വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണ്. മതചിഹ്നങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. പരാജയ ഭീതിയുള്ള സിപിഎമ്മും യുഡിഎഫുമാണ് ഈ വ്യാജപ്രചാരണങ്ങൾക്കു പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
പരാജയ ഭീതികൊണ്ട് സിപിഎമ്മും യുഡിഎഫുമാണ് ഈ പ്രചാരണങ്ങൾക്കു പിന്നിൽ. പരിശുദ്ധനായ തിരുമേനിയുടെയും എന്റെയും ചിത്രം വെച്ച് വീഡിയോ ഇറക്കിയിരിക്കുകയാണ് അവർ. ഇത്തരമൊരു വീഡിയോ ഞങ്ങളിറക്കില്ല എന്ന് തെരഞ്ഞെടുപ്പ് ചട്ടം അറിയാവുന്ന എല്ലാവർക്കും അറിയാവുന്നതല്ലേ. സിപിഎമ്മിന്റെ സൈബർ വിഭാഗമാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഓർത്തഡോക്സ് തിരുമേനിയുടേയും തന്റെയും ചിത്രം വെച്ച് വീഡിയോ തയ്യാറാക്കി സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനും സൈബർ കമ്മീഷനും പോലീസിനും പരാതി കൊടുത്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ഓർത്തഡോക്സ് വിഭാഗങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുന്നു എന്ന് മനസിലായതോടു കൂടി ആസൂത്രിതമായി വിശ്വാസികളെ തെറ്റിധരിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. ജനം എല്ലാം തിരിച്ചറിയും. ഇതിന്റെ ഒക്കെ നേരെ വിപരീത ഫലമാണ് ഉണ്ടാവാൻ പോകുന്നതെന്ന് 24ാം തീയതി കാണാം എന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post