കാസര്‍കോട്: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയന്ന് കൊണ്ടിരിക്കുകയാണ്.
പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കൊണ്ട് നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളിലെ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യം വരികയാണെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലവെള്ളപ്പാച്ചലിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കില്‍ ചൈത്രവാഹിനി പുഴയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ 40 മുതല്‍ 55 വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
Discussion about this post