കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി നേതാവ് കെ സുരേന്ദ്രനാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ശബരിമല സന്ദര്‍ശനത്തിനിടെ നിരോധിത പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതായുള്ള വീഡിയോ ആണ് ചര്‍ച്ചാ വിഷയം. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ വീഡിയോ തരംഗം സൃഷ്ടിക്കുകയാണ്. നേതാവിനെതിരെ വന്‍ തോതില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
കൂടുതലും ട്രോളുകളാണ് നിറയുന്നത്. ശബരിമല സംരക്ഷകന്‍ എന്ന് സ്വയം വിശ്വസിക്കുന്നവരില്‍ നിന്നും തന്നെ ഈ പ്രവര്‍ത്തി വരുമ്പോള്‍ അത് ജനങ്ങളെ തന്നെ കബളപ്പിക്കലാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്നാണ് അദ്ദേഹം പറയുന്നത്.
സോഷ്യല്‍മീഡിയയിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ ബിജെപി നേതാക്കള്‍ നേരിടുമെന്നും എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ശ്രീധരന്‍പിള്ള തുറന്നടിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും കെ സുരേന്ദ്രന്‍ പ്രതികരണം അറിയിച്ചിട്ടില്ല.
Discussion about this post