തിരുവനന്തപുരം: ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച കെ സുധാകരന്‍ എംപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകനായ രമില്‍ ചേലമ്പ്രയാണ് കെ സുധാകരന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിഎസിനെ സുധാകരന്‍ അധിക്ഷേപിച്ചത്.
”വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌ക്കാരമാണ് വരേണ്ടത്? 90 ല്‍ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെ”ന്നായിരുന്നു കെ സുധാകരന്റെ വിവാദപ്രസംഗം.
സുധാകരന്റെ വിവാദ പ്രസ്താവനയ്ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി വിഎസ് രംഗത്ത് വന്നിരുന്നു. ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്നാണ് സുധാകരനുള്ള മറുപടിയായി വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും വറ്റിവരണ്ട തലമണ്ടയില്‍ നിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോയെന്നും വിഎസ് കുറിച്ചു.
സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎമ്മും രംഗത്ത് വന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും സമുന്നത നേതാവുമായ വിഎസിനെതിരായ സുധാകരന്റെ അധിക്ഷേപത്തിനെഴുത്തായ ജനങ്ങളുടെ പ്രതികരണം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Discussion about this post