കൊടുങ്ങല്ലൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരിന് സമീപം പെരിഞ്ഞനത്തും ശ്രീനാരായണപുരത്തും കടകളില്‍ മോഷണം. മുന്‍ വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ കടകളില്‍ പ്രവേശിച്ചത്. പോലീസ് അന്വേഷണം തുടങ്ങി. എസ്എന്‍ പുരം പനങ്ങാട് സ്‌കൂളിന് സമീപമുള്ള ജനപ്രിയ മെഡിക്കല്‍ ഷോപ്പ്, അഞ്ചാംപരത്തി പള്ളിക്ക് സമീപം കളര്‍മാള്‍ പെയിന്റ്‌സ്, പെരിഞ്ഞനം കൊറ്റംകുളത്ത് സിയാന സ്റ്റുഡിയോ, തൊട്ടടുത്ത സ്റ്റെല്‍ മെന്‍സ് വെയര്‍ എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 8500 രൂപയും, ഒരു മൊബൈല്‍ ഫോണും, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുമാണ് മോഷണം പോയിട്ടുള്ളത്. പെയിന്റ് കടയില്‍ നിന്ന് 10,000 രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന സ്റ്റില്‍ ക്യാമറയും, ലെന്‍സും, ഫ്‌ലാഷും അടങ്ങിയ ബാഗും മോഷ്ടിച്ചു.
എല്ലായിടത്തും മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് തല്ലിതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. കൊറ്റകുളത്തെ മെന്‍സ് വെയര്‍ കുത്തി പൊളിച്ച് അകത്ത് കടന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കടയ്ക്കുള്ളിലെ നിരീക്ഷണ ക്യാമറ കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
കടകളുടെ പൂട്ട് തല്ലി തകര്‍ക്കാനുപയോഗിച്ച കമ്പിയും, കരിങ്കല്ലും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലായിടത്തും ഷട്ടര്‍ മുക്കാല്‍ ഭാഗത്തോളം താഴ്ത്തിയിട്ട നിലയിലായിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള കടകളിലാണ് മോഷണം നടന്നിട്ടുള്ളത്. മതിലകത്തെയും കയ്പമംഗലത്തെയും പോലീസ് അന്വേഷണമാരംഭിച്ചു.