അരൂര്‍: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേര്‍തിരിവില്ലാതെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഭരണമാണ് എല്‍ഡിഎഫിന്റേത്. ഓരോരുത്തരെയായി നീ ഇന്ന വിഭാഗത്തില്‍പെട്ടവനാണെന്ന് പറഞ്ഞ് അടര്‍ത്തിയെടുക്കാമെന്ന് ആരും കരുതേണ്ട. അരൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് അല്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാവുകയില്ലെന്ന് അവര്‍ക്ക് നന്നായറിയാം. അതിനാലാണ് മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് ജനപിന്തുണ കൂടിയത്. മുമ്പ് കൂടെ ഇല്ലാത്തവരും ഒപ്പം വന്നത്.
സര്‍ക്കാരിന്റെ ക്ഷേമ, വികസന, ആശ്വാസ നടപടികളുടെ ഗുണഫലം ലഭിച്ച ജനങ്ങള്‍ക്ക് അക്കാര്യം നല്ല ബോധ്യമുണ്ട്. അവരെ ഏതെങ്കിലും വലയില്‍ കുരുക്കാമെന്ന് കരുതിയാല്‍ ആ വലപൊട്ടിച്ച് പുറത്തു കടക്കാന്‍ അവര്‍ക്കറിയാം.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫിനെതിരെ ഒന്നുകുത്തിക്കളയാം എന്ന് വിചാരിച്ചാല്‍ നടക്കില്ല. ആരോഗ്യ, വിദ്യാഭ്യാസ, പാര്‍പ്പിട മേഖലയിലെ മുന്നേറ്റവും ക്ഷേമ പെന്‍ഷനും പ്രളയത്തിലേതടക്കം ആശ്വാസ നടപടികളും എല്ലാ വിഭാഗങ്ങളിലുംപെട്ട അര്‍ഹരായവര്‍ക്കാണ് ലക്ഷ്യമാക്കിയത്.
ആര്‍ക്കെല്ലാം പെന്‍ഷന് അര്‍ഹതയുണ്ടോ അവര്‍ക്കെല്ലാം ലഭിച്ചു. എല്ലാ ജാതിക്കാരും മതക്കാരും മുന്നണിക്കാരും അതിലുണ്ട്. മുന്‍പ് 600 രൂപ കൊടുത്തിരിക്കുന്നത് ഇപ്പോള്‍ നേരെ ഇരട്ടിയാക്കി. പത്ത് ലക്ഷം പേര്‍ക്ക് ഈ സര്‍ക്കാര്‍ പുതുതായി പെന്‍ഷന്‍ നല്‍കുകയാണ്.
Discussion about this post