തൃശ്ശൂര്‍: ഒറ്റക്കാലില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ കിളിമഞ്ജാരോ കീഴടക്കിയ മലയാളി യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കൊച്ചി സ്വദേശിയായ നീരജ് ജോര്‍ജ് ബേബിയാണ് ആ മലയാളി യുവാവ്. എട്ടാം വയസില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് നീരജിന്റെ ഇടതുകാല്‍ മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ നീരജ് അതിലൊന്നും തളരാതെ തന്റെ സ്വപ്‌നങ്ങളുമായി മുന്നോട്ട് പോയി. ആ സ്വപ്‌ന യാത്രയാണ് ഇപ്പോള്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ കിളിമഞ്ജാരോയില്‍ അവസാനിച്ചിരിക്കുന്നത്. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ സന്തോഷം പങ്കുവെച്ചത്.
സുഹൃത്തുക്കളായ ശ്യാം ഗോപകുമാര്‍, ചാന്ദ്നി അലക്സ്, സിജോ, അഖില, പോള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നീരജിന്റെ യാത്ര. ഒക്ടോബര്‍ 10-നാണ് നീരജും സംഘവും യാത്ര തിരിച്ചത്. കൃത്രിമക്കാല്‍ ഉപയോഗിക്കാതെ ക്രച്ചര്‍ ഉപയോഗിച്ചാണ് നീരജ് ഈ വലിയ കൊടുമുടി കീഴടക്കിയത്. 19,341 അടി ഉയരമുള്ള പര്‍വതമാണ് ഒറ്റക്കാലില്‍ നീരജ് കീഴടക്കിയത്. നീരജിന്റെ ഈ നേട്ടം കാണുമ്പോള്‍ പൗലോ കൊയ്‌ലോയുടെ പ്രശസ്തമായ വാക്കുകളാണ് ഓര്‍മ്മ വരിക, ‘എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും’ എന്നത്.
കിളിമഞ്ജാരോയ്ക്ക് മുമ്പ് നീരജ് വേറെയും മലനിരകള്‍ കീഴടക്കിയിട്ടുണ്ട്. നൈനിറ്റാളിലെ നൈന കൊടുമുടി, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ പക്ഷിപാതാളം, കുറിഞ്ഞിമല, മൂന്നാറിലെ മലനിരകള്‍ എന്നിവയാണവ. ഏറ്റവും കുറഞ്ഞ സമയത്തില്‍ കിളിമഞ്ജാരോ കയറിയ ഭിന്നശേഷിക്കാരന്‍ എന്ന റെക്കോഡാണ് ഇതിലൂടെ നീരജ് ലക്ഷ്യമിട്ടിരിക്കുന്നത്. 2015 ജര്‍മ്മനിയില്‍ നടന്ന പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് പങ്കെടുത്തിട്ടുണ്ട്. 2012 ല്‍ ഫ്രാന്‍സിലെ ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യനുമായിരുന്നു.
ആലുവ സ്വദേശിയായ പ്രൊഫസര്‍ സി എം ബേബിയുടെയും പ്രൊഫസര്‍ ഷൈലാ പാപ്പുവിന്റെയും മകനാണ് നീരജ്. ബയോ ടെക്നോളജിയില്‍ പിജി ബിരുദധാരിയായ നീരജ് കൊച്ചി അഡ്വക്കറ്റ് ജനറല്‍ ഓഫീസിലാണ് ജോലി ചെയ്യുന്നത്.