ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി

സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും വകുപ്പ് ശുപാര്‍ശ ചെയ്തു.

തൃശ്ശൂര്‍: രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. മോട്ടോര്‍ വാഹന വകുപ്പ് ബസിന് പതിനായിരം രൂപ പിഴ ചുമത്തി. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും വകുപ്പ് ശുപാര്‍ശ ചെയ്തു.

ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് തൃശ്ശൂരില്‍ നിന്നും കോടാലി വഴി സര്‍വീസ് നടത്തുന്ന കുയിലെന്‍സ് എന്ന ബസ് ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷാജി മാധവന്‍ ഡ്രൈവറുടെ അതിക്രമം നേരിട്ട് കാണുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഡ്രൈവര്‍ പല വട്ടം ഇത്തരത്തില്‍ വരി തെറ്റിച്ച് യാത്ര ചെയ്‌തെന്ന് സിസിടിവിയില്‍ വ്യക്തമായത്. ഇതോടെ, ഡ്രൈവര്‍ ജയദേവ കൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

അതേസമയം, ആംബുലന്‍സിനും, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും പോകേണ്ട വാഹനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുന്ന മറ്റ് വാഹനങ്ങള്‍ക്ക് പുതിയ നിയമത്തില്‍ 10000 രൂപ പിഴ അടപ്പിക്കാന്‍ ആണ് നിര്‍ദ്ദേശം. ഡ്രൈവറെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

Exit mobile version