നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു; സംസ്‌കാരം നാളെ

കോഴിക്കോട്: സിനിമ-നാടക രംഗത്തെ സജീവസാന്നിധ്യമായ നടന്‍ കെടിസി അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍.

സുഡാനി ഫ്രം നൈജീരിയയിലെ മജീദിന്റെ രണ്ടാനച്ഛനായെത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോടിന്റെ കലാചരിത്രത്തില്‍ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെടിസി അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു. നാല്‍പ്പത് വര്‍ഷത്തിനിടെ അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു.

1936 ല്‍ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പില്‍ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസിലെ നാടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെപി ഉമ്മര്‍, മാമുക്കോയ തുടങ്ങിയവര്‍ക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസില്‍ നാടകത്തില്‍ സജീവമായി.

കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് കെടിസി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെടിസി ഗ്രൂപ്പ് സിനിമാ നിര്‍മാണം തുടങ്ങിയപ്പോള്‍ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. 77ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക് എത്തിയത്.

ഷാനു സമദ് സംവിധാനം ചെയ്ത മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയില്‍ കേന്ദ്രകഥാപാത്രമായിരുന്നു ചെയ്തിരുന്നത്. എണ്‍പത്തിരണ്ടാം വയസിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് കെടിസി അബ്ദുള്ളയുടെ വിടവാങ്ങല്‍.

Exit mobile version