തിരുവനന്തപുരം: അര്‍ധരാത്രി ഫ്ളാറ്റിലെ മാലിന്യം റോഡില്‍ തള്ളിയതിന് എഞ്ചിനീയര്‍ക്ക് പിഴയിട്ട് നഗരസഭ. തിരുവനന്തപുരത്താണ് ഈ സംഭവം നടന്നത്. രാത്രി മ്യൂസിയം ആര്‍കെവി റോഡില്‍ മാലിന്യമിട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്കാണ് നഗരസഭ 5500 രൂപ പിഴയിട്ടത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ മാലിന്യം റോഡില്‍ തള്ളാന്‍ എത്തിയപ്പോഴാണ് നഗരസഭയുടെ സ്ക്വാഡ് ഇയാളെ പിടികൂടിയത്.
മ്യൂസിയം ആര്‍കെവി റോഡില്‍ രാത്രിയില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ഇവിടെ പൂന്തോട്ടം നിര്‍മ്മിച്ചെങ്കിലും മാലിന്യം തള്ളുന്നതിന് മാറ്റം ഉണ്ടായില്ല. തുടര്‍ന്ന് രാത്രി കാലങ്ങളില്‍ ഇവിടെ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
ഇതിനു പുറമെ സ്കൂട്ടറില്‍ എത്തി റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞ രണ്ടുപേര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. നന്തന്‍കോട് ക്ലിഫ് ഹൗസിന് പുറകുവശത്ത് മത്സ്യാവശിഷ്ടം ഉള്‍പ്പെടെയുള്ള മലിനജലം റോഡില്‍ ഒഴുക്കിയതിന് സമീപവാസിയായ വീട്ടമ്മയ്ക്ക് 1000 രൂപ പിഴയും നഗരസഭ ചുമത്തിയിട്ടുണ്ട്.