തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുകയാണ്. തുലാവര്‍ഷമാണ് പെയ്തിറങ്ങുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
കൂടാതെ കനത്ത മഴയെ തുടര്‍ന്ന് പൊന്മുടിയില് സഞ്ചാരികള്‍ക്ക് രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴ പെയ്യുമെന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് കോട്ടൂരില്‍ ദുരിതാശ്വാസ ക്യാംപും തുറന്നിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് സെന്റിമീറ്റര്‍ മുതല്‍ മൂന്ന് സെന്റീമീറ്റര്‍ വരെ ഇന്ന് ( 18/10/19) രാവിലെ തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post