കൊച്ചി: തനിക്കെതിരെ സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് യുവ നടന് ഷെയ്ന് നിഗം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതുസംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന് പരാതി നല്‍കുകയും ചെയ്തു.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില് എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന് നിഗം. കുര്‍ബാനി എന്ന ചിത്രത്തിനായി താന്‍ തലമുടി മുറിച്ചത് നിര്‍മ്മാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ ഷെയിന്‍ പറഞ്ഞിരുന്നു. സംഭവം വൈറലായതോടെ നിരവധി പേരാണ് ഷെയ്നിനു പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ നടനു പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന്. മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന് നിഗമെന്നും അദ്ദേഹത്തിന്റെ ലൈവ് വീഡിയോ കണ്ടപ്പോള്‍ തനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില് പോലെയാണ് തോന്നിയതെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അബിയുടെ മകന് എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന് പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന് എന്തിനാണ് ഭീഷണി നേരിടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന് അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.
ഞാന്‍ ഷെയ്ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്ന് എതിരെ ഒട്ടേറെ വോയ്സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്ന് ഒപ്പം നിലപാടെടുക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന് നിഗം. ഇന്നലെ ഷെയ്ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില് പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര് ഇല്ലാത്ത ഒരാളാണ് ഷെയ്ന്. അബിയുടെ മകന് എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന് പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന് എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന് അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.
ഷെയ്ന്റെ വീഡിയോയിലും അമ്മയ്ക്ക് നല്കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.
ഞാന്‍ ഷെയ്ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്ന് എതിരെ ഒട്ടേറെ വോയ്സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്ന് ഒപ്പം നിലപാടെടുക്കണം.
സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ…
തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികള്‍ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാന്‍ ചെയ്ത അമിതാഭ് ബച്ചന് പരസ്യങ്ങളിലെല്ലാം ബച്ചന് സാറിന് ശബ്ദം നല്‍കിയത് അബിയാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ന് ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയ്ക്ക്… അബിയുടെ മകനോടൊപ്പം മാത്രമേ നില്ക്കു.
പ്രിയ ഷെയ്ന്, നിരുപാധികം ഒപ്പമുണ്ട്.
Discussion about this post