തിരുവനന്തപുരം: തനിക്കെതിരെ നിര്‍മ്മാതാവ് വധഭീഷണി ഉയര്‍ത്തിയെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അവര്‍ പ്രതികരണം അറിയിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി ഉചിതമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് ശാരദക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
യുവനടന്‍ ഷെയ്ന്‍ നിഗമിന്റെ ജീവന് ഭീഷണി മുഴക്കിക്കൊണ്ടുള്ള പ്രശസ്ത സിനിമാനിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ഓഡിയോ കേള്‍ക്കാനിടയായെന്നും അയാളുപയോഗിക്കുന്ന ഭാഷ ഭയപ്പെടുത്തുന്ന വിധത്തില്‍ അക്രമാസക്തമാണെന്ന് അവര്‍ കുറിച്ചു. ഷെയ്ന്‍ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. മികച്ച നടനായിരുന്നിട്ടും, നമ്മള്‍ വേണ്ട രീതിയില്‍ ആദരിക്കാനും അംഗീകരിക്കാനും കൂട്ടാക്കാതെ പോയ അബിയുടെ മകനാണ്. ഒരു കുടുംബത്തിന്റെ ആശ്രയവും കലാലോകത്തിന്റെ പ്രതീക്ഷയുമാണെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ആ ഓഡിയോയില്‍ കേള്‍ക്കുന്ന ഭയജനകമായ ഭാഷ ഒരു ജനാധിപത്യ സമൂഹത്തിന് കേട്ടിരിക്കാനോ താങ്ങാനോ വെച്ചുപൊറുപ്പിക്കാനോ ആകുന്നതല്ലെന്നും അവര്‍ തുറന്നടിച്ചു. തീര്‍ച്ചയായും പ്രകടമായ തെളിവുകളുള്ള ഇത്തരം അക്രമ ഭീഷണികള്‍ക്കെതിരെ, ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയായിരുന്നു ഷെയ്ന്‍ നിഗം തനിക്ക് നേരെയുള്ള വധഭീഷണി വെളിപ്പെടുത്തിയത്. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവും മറ്റൊരു പടമായ കുര്‍ബാനിയും ഒരുമിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഇരു ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ വരുന്നതെന്നും വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ പറഞ്ഞത്. അഭിക്കയുടെ മകനായത് കൊണ്ട് താന്‍ അനുഭവിക്കുന്നത് ചില്ലറയല്ല എന്നും ലൈവില്‍ ഷെയ്ന്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
യുവനടന്‍ ഷെയ്ന്‍ നിഗമിന്റെ ജീവന് ഭീഷണി മുഴക്കിക്കൊണ്ടുള്ള പ്രശസ്ത സിനിമാനിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ഓഡിയോ കേള്‍ക്കാനിടയായി. അയാളുപയോഗിക്കുന്ന ഭാഷ ഭയപ്പെടുത്തുന്ന വിധത്തില്‍ അക്രമാസക്തമാണ്. ഷെയ്ന്‍ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്.
മികച്ച നടനായിരുന്നിട്ടും, നമ്മള്‍ വേണ്ട രീതിയില്‍ ആദരിക്കാനും അംഗീകരിക്കാനും കൂട്ടാക്കാതെ പോയ അബിയുടെ മകനാണ്. ഒരു കുടുംബത്തിന്റെ ആശ്രയവും കലാലോകത്തിന്റെ പ്രതീക്ഷയുമാണ്.ആ ഓഡിയോയില്‍ കേള്‍ക്കുന്ന ഭയജനകമായ ഭാഷ ഒരു ജനാധിപത്യ സമൂഹത്തിന് കേട്ടിരിക്കാനോ താങ്ങാനോ വെച്ചുപൊറുപ്പിക്കാനോ ആകുന്നതല്ല. ഇന്നലെയും ഇത്തരമൊരു വിഷയത്തില്‍ നമ്മള്‍ ആശങ്കപ്പെട്ടതാണ്. തീര്‍ച്ചയായും പ്രകടമായ തെളിവുകളുള്ള ഇത്തരം അക്രമ ഭീഷണികള്‍ക്കെതിരെ, ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കേണ്ടതാണ്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് കേരളത്തിലാണ്. അടൂര്‍ ഗോപാലകൃഷ്ണനു നേരെ വരുന്ന ഭീഷണിയോളം ഗൗരവം ഓരോ ചെറിയ മനുഷ്യന്റെയും ഭയങ്ങള്‍ക്കു നേരെ ഉണ്ടാകണം. ഉചിതമായ ഇടപെടലുണ്ടാകണം.
എസ്.ശാരദക്കുട്ടി
17.10.2019.