ആലപ്പുഴ: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ പരസ്യമായി ജാതി വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനെതിരെ സിപിഎം രംഗത്ത്. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി എൻഎസ്എസിന്റെ പരസ്യ പ്രചാരണത്തിന് എതിരെയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൻഎസ്എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടിക്കാറാം മീണയുടെ ഈ നിരീക്ഷണം ശരിയാണെന്നാണ് കോടിയേരി പ്രതികരിച്ചത്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യ പ്രചാരണം നടത്തുന്നത്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തിൽ പ്രചാരണം നടത്തി വരികയാണെന്ന് എൻഎസ്എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.
Discussion about this post