അഭിജിത്തിന്റെ വിയോഗം വിശ്വസിക്കാനാകാതെ കുടുംബം

കൊല്ലം:കാശ്മീരിലെ ബാരാമുള്ളയിലേക്ക് സൈനിക സേവനത്തിന് പോയ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ പിഎസ് അഭിജിത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും മുക്തരായിട്ടില്ല ആയൂരിലെ നാട്ടുകാരും ബന്ധുക്കളും. ബാരാമുള്ളയിൽ പട്രോളിങിനിടെ, കുഴിബോംബ് പൊട്ടിയാണ് 22കാരനായ അഭിജിത്ത് വീരമൃത്യു വരിച്ചത്. കിഴക്കതിൽ വീട്ടിൽ പ്രഹ്ലാദന്റെയും ശ്രീകലയുടേയും മകനാണ് അഭിജിത്.

ഒട്ടേറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് അഭിജിത്ത് സൈന്യത്തിൽ ചേർന്നത്. രാജ്യസേവനത്തോടൊപ്പം തന്റെ കുടുംബത്തിന് ഒരു താങ്ങാകാൻ കഴിയുന്ന ജോലിയെന്ന നിലയിലും കരസേനയിലെ ജവാൻ സ്ഥാനത്തെ അഭിജിത്ത് കണ്ടിരുന്നു. കടമുറി വീടിന്റെ സ്ഥാനത്ത് തന്റെ കുടുംബത്തിന് സ്വസ്ഥമായി തലചായ്ക്കാൻ സാധിക്കുന്ന അടച്ചുറപ്പുള്ള ഒരു നല്ല വീടെന്ന സ്വപ്‌നവും ഒപ്പം അനുജത്തിയുടെ വിവാഹമെന്ന ആഗ്രഹവുമായാണ് അഭിജിത്ത് സൈന്യത്തിൽ ചേർന്നത്. ഒന്നും യാഥാർഥ്യമായില്ല. എല്ലാ സ്വപ്‌നങ്ങളും ബാക്കിയാക്കി ഇന്ന് അഭിജിത്തിന്റെ മൃതദേഹമെത്തിയത് ആ പഴയ കടമുറി വീട്ടിലേക്കു തന്നെയായിരുന്നു.

3 കൊച്ചു കടമുറികളും അടുക്കളയും ചേരുന്നതാണ് അഭിജിത്തിന്റെ ആയൂർ ഇടയത്തെ വീട്. കരസേനയിൽ ജോലി ലഭിച്ചതോടെ വായ്പയെടുത്ത് നല്ലൊരു വീടു നിർമ്മിക്കണമെന്ന് അഭിജിത്ത് സ്വപ്‌നം കണ്ടിരുന്നു. വീട്ടിൽ സൗകര്യങ്ങൾ കുറവായതിനാൽ സമീപത്തെ ശ്രീനാരായണ ഹാളിലാണ് അഭിജിത്തിന്റെ മൃതദേഹം പൊതു ദർശനത്തിനു വെച്ചത്. കുട്ടിക്കാലം മുതൽ കമ്പക്കോട്ടെ അമ്മ വീട്ടിലായിരുന്നു അഭിജിത്ത് ഏറെയും ചെലവഴിച്ചിരുന്നത്. പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവൻ സന്തോഷിന്റെ നടക്കാതെ പോയ ആഗ്രഹമാണ് അഭിജിത്ത് നേടിയെടുത്തത്.

3 വർഷം മുൻപു പട്ടാളത്തിലേക്കു സെലക്ഷൻ ലഭിച്ചപ്പോൾ അഭിജിത്തിനെ ഏറെ സന്തോഷത്തോടെയാണ് വീട്ടുകാർ യാത്രയാക്കിയത്. എന്നാൽ എല്ലാം കണ്ണീരിൽ കുതിരാനായിരുന്നു വിധി. സൗദിയിൽ ഡ്രൈവറായ അഭിജിത്തിന്റെ അച്ഛൻ പ്രഹ്ലാദനു കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.

അഭിജിത്ത് അപകടത്തിൽ കൊല്ലപ്പെടുന്നതിനു മുമ്പായി പുലർച്ചെ ഫോണിൽ അമ്മയോടു സംസാരിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ കോയിൻ ബോക്‌സിൽ നിന്നു വിളിച്ചാണ് 2 മിനിറ്റ് സംസാരിച്ചത്.

Exit mobile version