കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ പോലീസ് പിടിയില്‍. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശിയായ യുവ വ്യവസായിയുടെ പരാതിയിലാണ് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി സ്വദേശി സീമ, ഇടപ്പളളി സ്വദേശി സഹല്‍ എന്നിവരാണ് പോലീസിന്റെ വലയിലായത്.
ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. യുവതി തുടരെ തുടരെ പണം ആവശ്യപ്പെട്ടു. ആദ്യമൊക്കെ പണം നല്കിയ യുവാവ് പിന്നീട് പണം നല്‍കാതെ വന്നതോടെ യുവതി ഭീഷണി ഉയര്‍ത്തി. വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്നും യുവതി പറഞ്ഞതോടെയാണ് തട്ടിപ്പിനിരയായതായി യുവ വ്യവസായിക്ക് ബോധ്യമായത്.
തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 50 ലക്ഷം രൂപയോളമാണ് പലതവണയായി തട്ടിയെടുത്തതെന്ന് യുവവ്യവസായിയുടെ പരാതിയില്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു പണമിടപാട്.
പിടിയിലായവര്‍ നേരത്തെയും തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പിനിരയായത്. പ്രതികളെ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
Discussion about this post