കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ചത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.
അതേസമയം, കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മൂന്നുദിവസത്തേക്ക് കൂടിയാകും ഇവരെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തിയതിനാണ് നിലവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തതും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയതും.
റോയ് തോമസിന്റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസ് ചൊവ്വാഴ്ച വടകര എസ് പി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. സഹോദരി റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും റോജോയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Discussion about this post