കുന്ദംകുളം: നിയമങ്ങളും ചട്ടങ്ങളും പാലിച്ച് അധികാരികൾ സ്വന്തം വീട്ടിൽ നിന്നും കുഞ്ഞ് ആദിത്യനേയും കുടുംബത്തേയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടത് കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. തന്റെ കുടുംബത്തെ നിയമപ്രകാരം ഇറക്കിവിട്ടെങ്കിലും താൻ വളർത്തി കൊണ്ടുവന്ന കുഞ്ഞിക്കിളിയെ ഇതുപോലെ അനാഥമായി ഇറക്കിവിടാൻ ആദിത്യൻ തയ്യാറായിരുന്നില്ല. തന്നെ ബലം പ്രയോഗിച്ച് പുറത്തേക്ക് ഇറക്കുന്നതിനിടയിലും അവൻ ഇടതു കൈയ്യാൽ ആ കുഞ്ഞിക്കിളിയേയും മുറുക്കെ പിടിച്ചിരുന്നു. കുന്ദംകുളം തൃശ്ശൂർ റോഡരികിൽ മധുരഞ്ചേരി ബിന്നിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ചാവക്കാട് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനിടെയായിരുന്നു ഈ നൊമ്പരക്കാഴ്ചകൾ.
ജപ്തി നടപടികൾക്കായി പോലീസും അധികാരികളും എത്തിയതോടെ ഞങ്ങളെ രക്ഷിക്കണമേ എന്ന് ജനലിൽക്കൂടി കുട്ടികൾ അലറിക്കരഞ്ഞെങ്കിലും കണ്ടു നിന്നവർക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അച്ഛൻ ബിന്നിയും അമ്മ സിലിയും സ്ഥലത്തുണ്ടായിരുന്നില്ല. കതകുകൾ എല്ലാം അകത്തുനിന്ന് പൂട്ടി മണ്ണെണ്ണ ഒഴിച്ച് കുട്ടികൾ പ്രതിരോധം തീർത്തുവെങ്കിലും ഫയർഫോഴ്സ് ഉൾപ്പെടെ സംഘാംഗങ്ങൾ കതക് പൊളിച്ച് അകത്തു കടന്ന് കുട്ടികളെ പുറത്തിറക്കുകയായിരുന്നു. കുട്ടികൾ കൂട്ടമായി നിലവിളിച്ചെങ്കിലും പോലീസിന് നിയമം പാലിക്കാതിരിക്കാനായില്ല.
ബിന്നിയും കുടുംബവും 15 വർഷത്തിലേറെയായി നിയമപോരാട്ടം നടത്തിവരികയായിരുന്നു. അതിനാണ് ഇന്നലെ തിരശ്ശീല വീണത്. 2004ൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ ബിന്നി മറ്റൊരാളുടെ സഹായം തേടി. പത്ത് ലക്ഷം രൂപ നൽകി മുക്ത്യാർ ഒപ്പിട്ടു വാങ്ങിയ സഹായി ഈ സ്ഥലം അമ്പത് ലക്ഷം രൂപയ്ക്ക് മറ്റൊരിടത്ത് പണയപ്പെടുത്തിയതോടെയാണ് ബിന്നി കുടുങ്ങിയത്. അതോടെ അമ്പത് ലക്ഷം തിരിച്ചടക്കേണ്ട ഉത്തരവാദിത്വം ബിന്നിയുടേതായി. പിന്നാലെ ബാങ്ക് സ്ഥലം ലേലത്തിനു വെയ്ക്കുകയും എറണാകുളം സ്വദേശി സ്ഥലം സ്വന്തമാക്കുകയുമായിരുന്നു.