തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് 5 രൂപയാണ് കൂട്ടിയത്. ഇത് അനുസരിച്ച് ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ ഇനി 75 രൂപ കൊടുക്കണം.
ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് 10 രൂപയാണ് കൂടിയത്. പുതിയ നിരക്ക് പ്രകാരം ചെറിയ വാഹനങ്ങള്‍ക്ക് ഒന്നിലേറെ തവണ യാത്ര ചെയ്യാനുള്ള തുക 105 ല്‍ നിന്ന് 110 ആയും ഉയര്‍ത്തി. ഈ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 20120 ല്‍ നിന്ന് 2185 ആകും. പുതുക്കിയ നിരക്ക് അനുസരിച്ച് ചെറുകിട വ്യാവസായിക വാഹനങ്ങള്‍ക്ക് ഒറ്റത്തവണ 125 രൂപയും 24 മണിക്കൂറിന് 190 രൂപയും പ്രതിമാസം 3825 ആയി ഉയര്‍ന്നു.
ബസ്, ലോറി, ട്രക്ക്, എന്നീ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ 255 രൂപ, 24 മണിക്കൂറിന് 380 രൂപ , പ്രതിമാസം 7650 എന്നിങ്ങനെയും പുതിയ നിരക്കായി. നിരക്കുവര്‍ധന സംബന്ധിച്ച പുതിയ ഉത്തരവ് ഇന്നലെയാണ് ദേശീയപാതാ അതോറിറ്റി പുറത്തിറക്കിയത്. ജീവിതനിലവാര സൂചികയുടെ അനുപാതത്തിലാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
അതേസമയം പ്രദേശിക വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സൗജന്യപാസ് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പ്ലാസക്കു സമീപമുള്ള പ്രദേശവാസികളില്‍ നിന്ന് ഇപ്പോഴും ടോള്‍ വാങ്ങുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. നേരത്തെ ഇവര്‍ക്ക് സൗജന്യ യാത്ര പാസ് ഉണ്ടായിരുന്നെങ്കിലും അത് നിര്‍ത്തലാക്കുകയായിരുന്നു.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പിരിവ് കാലാവധി 10 വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 80 ശതമാനം തുകയും കമ്പനിക്ക് തിരിച്ചുകിട്ടിയതായി വിവരാവകാശ രേഖയില്‍ കണ്ടെത്തിയിരുന്നു. കാലാവധി മുഴുവന്‍ പിരിച്ചാല്‍ തുകയുടെ നാല് മടങ്ങ് അധികം നേടാനാകുമെന്നും വ്യക്തമായിരുന്നു.
ഇതോടെ പാത എത്രയും വേഗം ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. 2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്.
Discussion about this post