തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. ഫേസ്ബുക്ക് ലൈവിലൂടെ വന്നാണ് അദ്ദേഹം ഫിറോസിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കില്‍ അത് അദ്ദേഹം തുറന്നുപറയണമെന്നും നന്മമരത്തിന്റേത് ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് എന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.
പാവപ്പെട്ട ഒരാളുടെ ദയനീയത കാണിച്ച് കിട്ടുന്ന പണം മറ്റുള്ളവര്‍ക്ക് നല്കുന്ന രീതി എന്താണെന്ന് മനസിലാകുന്നില്ല. ഈ നന്മമരം ചെയ്യുന്നതിന്റെ എത്രയോ ഇരട്ടി സഹായം സാമൂഹ്യ സുരക്ഷാ മിഷനും സര്‍ക്കാര്‍ സംവിധാനങ്ങളും ചെയ്യുന്നുണ്ടെന്നും വീഡിയോയില്‍ പറഞ്ഞു. മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിംഗ് സംവിധാനങ്ങള്‍ ആള്‍ക്കാരെ സഹായിക്കാനായി പണം പിരിക്കാറുണ്ട്. എന്നാല്‍ അവര്‍ ഇതില്‍ 20 ശതമാനം എടുക്കുകയും ബാക്കി സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുകയുമാണ് ചെയ്യാറുള്ളത്. അത് അവര്‍ കൃത്യമായി പറയുന്നുമുണ്ട്. ഇതൊരു ബിസിനസ് സംവിധാനമാണ്.
എന്നാല്‍, ഇവിടെ നന്മമരത്തിന്റെ രീതി അങ്ങനെയല്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്ന നിലയില്‍ ഇതിനോട് ആദ്യം പ്രതികരിക്കേണ്ടതില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇത് ഇപ്പോള്‍ പറയുന്നത്. ഒരിക്കല്‍ ഒരു കുട്ടിയുടെ ദൈന്യതയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കള്‍ ഫോണ്‍ അവിടെയുള്ള മറ്റൊരാള്‍ക്ക് കൈമാറി. നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓര്‍ഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടതെന്നും ഇതില്‍ 25 ലക്ഷം രൂപ അവര്‍ സമാഹരിച്ചെന്നും മന്ത്രിയോട് പറഞ്ഞു. എന്നാല്‍ ആ പണം ഉടന്‍ തന്നെ ആശുപത്രിയില്‍ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കാമെന്നും മന്ത്രി അവരോട് അറിയിച്ചു.
എന്നാല്‍ തങ്ങളുടെ രീതി അങ്ങനെയല്ല എന്ന മറുപടിയാണ് മന്ത്രിക്ക് ലഭിച്ചത്. പിരിച്ചതുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ മാത്രമാണ് കുട്ടിക്ക് നല്‍കുകയെന്നും ബാക്കി തുക മറ്റുള്ള ആവശ്യക്കാര്‍ക്ക് നല്‍കുമെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരുകുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്ന് പറയുന്നത് തോന്നിയവാസമല്ലാതെ മറ്റെന്താണ് എന്നാണ് ഡോ. മുഹമ്മദ് അഷീല്‍ വീഡിയോയില്‍ പറഞ്ഞത്. അവര്‍ ഈ കുട്ടിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയുടെ ചെലവ് മുപ്പത് ലക്ഷം എന്നാണ് പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷിച്ചപ്പോള്‍ ഇതിന് 18 ലക്ഷം രൂപയേ ഉള്ളൂവെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.
ഈ നന്മമരം ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷം രൂപയാണ്. എന്നാല്‍ നന്മമരം പറയുന്നത് ഇതിന്റെ ചെലവ് 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ്. സാമൂഹ്യസുരക്ഷാ മിഷനില്‍ ഒരു രൂപയിട്ടാല്‍ അത് ഓഡിറ്റബിളാണ്. മറ്റുള്ളവരുടെ പണം വാങ്ങി സഹായിക്കുമ്പോള്‍ അക്കൗണ്ടബിലിറ്റി വേണം. ഇതു പറയുമ്പോള്‍ വെട്ടുകിളികളെ പോലെ ആക്രമിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയൊരു മാഫിയ തന്നെ ഇതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിലൂടെ ഇവര്‍ക്ക് കോടികളുടെ വരവാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊക്കെ ചോദ്യം ചെയ്യുമ്പോള്‍ നന്മമരത്തിന്റെ വേണ്ടപ്പെട്ടവര്‍ക്ക് അസഹിഷ്ണുത ഉണ്ടായിട്ടുകാര്യമില്ലെന്നും എന്ത് പൊങ്കാലയും സ്വീകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞാണ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്.
Discussion about this post